കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയര്‍നസ് അലവന്‍സും ഡിയര്‍നെസ് റിലീഫും 4 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസ് അനുമതി നല്‍കി.
2024 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ഇത് നടപ്പാക്കുക. ജൂലൈയിലെ ശമ്പളത്തില്‍ ഇത് പ്രതിഫലിക്കും.
ജീവനക്കാരുടെ സംഘടനകള്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍ കൂടി വിശദമായി വിലയിരുത്തിയശേഷമാണ് ഗവര്‍ണര്‍ ഫയലില്‍ ഒപ്പുവെച്ചത്. ഗവര്‍ണറുടെ തീരുമാനത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.മനോജ് പന്ത് സന്തുഷ്ടി പ്രകടിപ്പിച്ചു.
ഇതോടെ പശ്ചിമ ബംഗാളിലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആകെ ഡിഎ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ / പെന്‍ഷന്റെ 42 ശതമാനമായി ഉയരും.
ഒരു ദശലക്ഷത്തിലധികം സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. കുടുംബ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിയമാനുസൃത സ്ഥാപനങ്ങള്‍, സര്‍ക്കാര്‍സംരംഭങ്ങള്‍, പഞ്ചായത്തുകള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ക്കും ദിവസവേതനക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.
Discussion about this post