വാരണാസി : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയാണെന്നും കർഷകരാണ് അതിന്റെ ആത്മാവെന്നും കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചൊവ്വാഴ്ച പറഞ്ഞു. വാരണാസിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 9.26 കോടിയിലധികം കർഷകർക്കായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 20,000 കോടി രൂപയുടെ 17-ാം ഗഡു പ്രകാശനം ചെയ്ത വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കർഷകരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണെന്നും ചൗഹാൻ പറഞ്ഞു. “ഞങ്ങൾക്ക് കർഷകൻ ദൈവമാണ്… കർഷകരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ്,”- അദ്ദേഹം പറഞ്ഞു. മൂന്നാമതും അധികാരത്തിലേറിയ ശേഷം കിസാൻ സമ്മാൻ നിധിക്ക് വേണ്ടിയുള്ള ഫയലിൽ പ്രധാനമന്ത്രി ആദ്യം ഒപ്പിടുകയും കർഷകർക്കിടയിൽ തന്റെ ആദ്യ പരിപാടി നടത്തുകയും ചെയ്തത് കർഷകരോടുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയാണെന്നും ചൗഹാൻ പറഞ്ഞു.
കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനായി ഒരു വശത്ത് ജലസേചന പദ്ധതികളിലൂടെ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപ്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ മറുവശത്ത് ഉൽപ്പാദനച്ചെലവ് കുറയ്‌ക്കാൻ രാസവളത്തിന് കോടിക്കണക്കിന് രൂപയുടെ സബ്സിഡി സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കിസാൻ ക്രെഡിറ്റ് കാർഡ് പോലുള്ള പദ്ധതികൾ കർഷകരെ പണമിടപാടുകാരുടെ പിടിയിൽ നിന്ന് മോചിപ്പിച്ചതായും ചെറുകിട കർഷകർ കിസാൻ സമ്മാന് നിധിയിൽ നിന്ന് വളങ്ങളും വിത്തുകളും ക്രമീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ തീരുമാനമനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഒരു വിളയുടെ വിലയിൽ 50 ശതമാനമെങ്കിലും ലാഭം നൽകിയാണ് മിനിമം താങ്ങുവില നിശ്ചയിക്കുന്നതെന്ന് കൃഷിമന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചാൽ അതിന്റെ നഷ്ടപരിഹാരം നൽകാൻ പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പൂക്കൃഷി, പഴവർഗ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയ കൃഷി വൈവിധ്യവൽക്കരണത്തിനായി നിരന്തര ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഔഷധ കൃഷി, കാർഷിക വനവൽക്കരണം, കൃഷിയോടൊപ്പം മൃഗപരിപാലനം, തേനീച്ചവളർത്തൽ മുതലായവ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കൃഷിവകുപ്പ് രാവും പകലും പ്രവർത്തിക്കുമെന്നും കർഷകരുടെ ക്ഷേമത്തിന് ഒരു മാറ്റവും വരുത്തില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മൂന്ന് കോടി ‘ലക്ഷപതി ദീദികൾ’ ഉണ്ടാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ടെന്നും അതിൽ ഒരു കോടിയോളം ‘ലക്ഷപതി ദീദികൾ’ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഒരു മാനമാണ് ‘കൃഷി സഖി’, അവർക്കുള്ള സർട്ടിഫിക്കറ്റുകളും ഇന്ന് വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post