ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ആസ്ഥാനമായുള്ള മുസ്ലീം ലീഗിനെയും (മസ്രത്ത് ആലം വിഭാഗം) തെഹ്രീക് ഇ ഹുറിയത്തിനെയും യുഎപിഎ പ്രകാരം നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ട്രിബ്യൂണല്‍ ശരിവച്ചു. അന്തരിച്ച കശ്മീരി-വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയാണ് ഈ സംഘടനകള്‍ക്ക് രൂപം നല്‍കിയത്. ഇവയുടെ മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിരോധനം ട്രിബ്യൂണല്‍ ശരിവയ്ക്കുകയും അഞ്ച് വര്‍ഷത്തേക്ക് നീട്ടുകയും ചെയ്തു. ദല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സച്ചിന്‍ ദത്തയാണ് ട്രിബ്യൂണല്‍ അധ്യക്ഷന്‍.
ജമ്മു കശ്മീരിനെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്തി പാക്കിസ്ഥാനുമായി ലയിപ്പിക്കാനും ഇസ്ലാമിക ഭരണം സ്ഥാപിക്കാനും ലക്ഷ്യമിട്ട് വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാകിസ്ഥാന്‍ സ്പോണ്‍സേര്‍ഡ് സംഘടനകളാണിവയെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി.ഹാഫിസ് സയീദിന്റെ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ഇഫ്തിഖര്‍ ഹൈദര്‍ റാണയുടെ ജമാഅത്ത് ഉദ് ദവ, സയ്യിദ് സലാഹുദ്ദീന്റെ ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ പാക് ഭീകര സംഘടനകള്‍ക്ക് വേണ്ടിയാണ് മുസ്ലീം ലീഗും തെഹിരീകും പ്രവര്‍ത്തിക്കുന്നതന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദവും ട്രിബ്യൂണല്‍ ശരിവച്ചു.
Discussion about this post