മുംബൈ: ദേശസ്‌നേഹത്തിന്റെയും ഭക്തിയുടെയും മഹാസന്ദേശമാണ് മങ്കേഷ്‌കര്‍ കുടുംബം സംഗീതത്തിലൂടെ പകര്‍ന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പദ്മവിഭൂഷന്‍ ആശാ ഭോസ്ലെയുടെ ജീവിതകഥ ‘സ്വരസ്വാമിനി ആശ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ട് വെറും വിനോദമല്ലെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് ലതാ മങ്കേഷ്‌കറും ആശാ ഭോസ്ലെയും ഹൃദയനാഥുമൊക്കെ ചെയ്തത്.
സംഗീതമുണ്ടാക്കുന്ന പ്രഭാവം സമൂഹത്തിന്റെ നന്മയ്ക്കും ഉണര്‍വിനും ഉപകരിക്കണമെന്ന് അവര്‍ ജീവിതത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തി.നേരില്‍ കാണും മുമ്പേ ഞാന്‍ ഈ സ്വരമാധുരിയുടെ ആരാധകനാണ്. ദീനാനാഥ് മങ്കേഷ്‌കറുടെ ദേശഭക്തിയും മങ്കേഷ്‌കര്‍ സഹോദരരുടെ സമര്‍പ്പണവും അറിയുമ്പോള്‍ അത് ഇരട്ടിക്കുകയാണ്. സംഗീതം അനാദിയാണ്. കാലാതിവര്‍ത്തിയുമാണ്. ആശാജി, നിങ്ങളുടെ പാട്ട് ലോകത്തിന്റെ പാട്ടാണ്, എല്ലാവരുടെയും പാട്ടാണ്. മോഹന്‍ ഭാഗവത് പറഞ്ഞു.
വീരസാവര്‍ക്കറുമായി തന്റെ കുടുംബത്തിനുള്ള അടുത്ത ബന്ധം അനുസ്മരിച്ചാണ് ആശാ ഭോസ്ലെ ചടങ്ങില്‍ സംസാരിച്ചത്. ദാദറിലെ ഞങ്ങളുടെ വീട്ടില്‍ അദ്ദേഹം എത്തുമായിരുന്നു. ദിനാനാഥിനെ പോലെ പാടുമോ എന്ന് എന്നോട് ചോദിച്ചു. ഏറ്റവും നന്നായി പാടാന്‍ പ്രേരിപ്പിച്ചു, ആശാ ഭോസ്ലെ ഓര്‍മ്മിച്ചു. ലത മങ്കേഷ്‌കറെ ഓര്‍ത്തപ്പോള്‍ ആശയുടെ ശബ്ദമിടറി. ദീദിയില്ലാതെ ഒന്നും ഞങ്ങള്‍ക്ക് പൂര്‍ണമാകില്ല. ദീദിയാണ് ഞങ്ങളെ വളര്‍ത്തിയത്. ഇപ്പോള്‍ എനിക്ക് വയസായി. ഇനി ഏറെയില്ല. മൈക്കിന് മുന്നില്‍ തൊണ്ട വരളുന്നു. ലോകത്തേറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത് ഞാനാണെന്ന് എല്ലാവരും പറയുന്നു. പക്ഷേ റെക്കോര്‍ഡിസ്റ്റില്ലായിരുന്നെങ്കില്‍ ഒരു പാട്ടും ആരും കേള്‍ക്കുമായിരുന്നില്ല. ഞാന്‍ സുന്ദരിയാണെന്ന് പറയുന്നു. ഗൗതം രാജധ്യക്ഷയുടെ ക്യാമറയില്‍ ആരും സുന്ദരിയാകും. ഇത്തരമൊരു പുസ്തകം ഇറങ്ങുമെന്ന് എനിക്ക് അറിയുമായിരുന്നില്ല. എല്ലാവരും ചേര്‍ന്ന് അത് സാധിക്കുന്നു. ഇനിയുള്ള ദിവസങ്ങള്‍ ഇതേ സ്‌നേഹം നിങ്ങളെനിക്ക് തരണം, ആശാ ഭോസ്ലെ വികാരാധീനയായി. മുംബൈ ദീനാനാഥ് മങ്കേഷ്‌കര്‍ തീയറ്ററില്‍ ചേര്‍ന്ന പ്രകാശച്ചടങ്ങ് വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായി. ആശാ ഭോസ്ലെയുടെ പാദങ്ങള്‍ പനിനീരില്‍ കഴുകിയാണ് ഗായകന്‍ സോനു നിഗം തന്റെ ആദരവ് പ്രകടിപ്പിച്ചത്. സംഗീതം പഠിക്കാന്‍ ഒരുപാധിയുമില്ലാതിരുന്ന കാലത്ത് ലത മങ്കേഷ്‌കറും ആശാ ഭോസ്ലെയുമാണ് ലോകത്തെ സംഗീതം പഠിപ്പിച്ചതെന്ന് സോനു നിഗം പറഞ്ഞു. സംഗീതം സനാതനധര്‍മ്മത്തിന്റെ ഭാഗമാണ്. ഈശ്വരീയമാണ്. നിങ്ങള്‍ സംഗീതത്തിന്റെ ദേവിമാരുമാണ്, സോനു നിഗം പറഞ്ഞു. നടന്‍ ജാക്കി ഷ്‌റോഫ് ആശാ ഭോസ്ലെയുടെ കാല്‍ തൊട്ടു വണങ്ങി. ആശാ ഭോസ്ലെയുടെ സഹോദരനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഹൃദയനാഥ് മങ്കേഷ്‌കര്‍, ചെറുമകള്‍ സയാനി ഭോസ്ലെ, ബിജെപി മുംബൈ അദ്ധ്യക്ഷന്‍ ആശിഷ് ഷേളാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post