ന്യൂദല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ എന്നിവയുടെ വരുമാന പരിധി ഇരട്ടിയാക്കണമെന്ന് ബിഎംഎസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിലവില്‍ നിശ്ചയിച്ചിരിക്കുന്ന വരുമാന പരിധി ഏറെ കുറവാണെന്നും പരിധി ഉയര്‍ത്തണമെന്നും കുറഞ്ഞ പെന്‍ഷന്‍ ആയിരത്തില്‍ നിന്ന് അയ്യായിരമാക്കണമെന്നും ബിഎംഎസ് പ്രതിനിധി സംഘം കേന്ദ്രതൊഴില്‍ മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ഇഎസ്ഐക്ക് 21,000 രൂപയും ഇപിഎഫിന് 15,000 രൂപയുമാണ് നിലവിലെ പരിധി.
വേജസ് കോഡ് 2019, സാമൂഹ്യസുരക്ഷാ നിയമം 2020 എന്നിവ എത്രയും വേഗം നടപ്പാക്കണം. സാധാരണ തൊഴിലാളികളെ ബാധിക്കുന്ന ചരിത്രപരമായ നിയമങ്ങളാണിവ. വേജസ് കോഡ് നടപ്പാക്കുക വഴി രാജ്യത്തെ ഓരോ തൊഴിലാളിക്കും കുറഞ്ഞ കൂലി എന്ന വ്യവസ്ഥ നിലവില്‍ വരും. സാമൂഹ്യസുരക്ഷാ നിയമം വഴി 43 കോടിയോളം അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ലഭ്യമാകും. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് 2020, ഒക്യുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് കോഡ് 2020 എന്നിവയിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ റദ്ദാക്കണം. തൊഴിലിടങ്ങളിലെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച നിയമത്തിന്മേല്‍ എല്ലാ തൊഴിലാളി സംഘടനകളുമായും വിശദമായ ചര്‍ച്ച നടത്തണമെന്നും ബിഎംഎസ് കേന്ദ്രതൊഴില്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
ഇഎസ്ഐ അംഗങ്ങളെ ആയുഷ്മാന്‍ ഭാരത് യോജനയുമായി ബന്ധിപ്പിക്കണം. ഒരിക്കല്‍ ഇഎസ്ഐയില്‍ ചേര്‍ന്നാല്‍ ജീവിതകാലം മുഴുവന്‍ അംഗത്വം നല്‍കണം. ഇഎസ്ഐ പരിധി 21,000 എന്നത് 40,000 ആക്കി ഉയര്‍ത്തണം. ഇഎസ്ഐ വഴി ലഭ്യമാക്കുന്ന മെഡിക്കല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. മെഡിക്കല്‍ കോളജ് മുതല്‍ ഡിസ്പന്‍സറി വവരെ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കണം. ആധുനിക ഉപകരണങ്ങള്‍ നല്‍കി ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ നല്‍കണം. അല്ലെങ്കില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യണം. ആശുപത്രികളില്‍ അറ്റകുറ്റപ്പണികള്‍ ധാരാളമുണ്ട്. അതു സമയാസമയം പൂര്‍ത്തിയാക്കണം. സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ആശുപത്രികളില്‍ പ്രശ്നങ്ങളുണ്ട്. ഡോക്ടര്‍മാര്‍ മുതലുള്ള ഒഴിവുകള്‍ നികത്തണം. 30 ശതമാനം ഒഴിവുകളാണ് നിലവിലുള്ളത്. പുതിയ ആശുപത്രികള്‍ ഉടന്‍ നിര്‍മ്മിക്കണമെന്നും പ്രതിനിധിസംഘം ആവശ്യപ്പെട്ടു.
ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്‍മയ് പാണ്ഡ്യ, ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതേ, മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സജി നാരായണന്‍, മുന്‍ ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ, സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍, സഹസംഘടനാ സെക്രട്ടറി ഗണേഷ് മിശ്ര, സുരേന്ദ്ര പാണ്ഡെ, എസ്. ദുരൈരാജ് എന്നിവര്‍ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു. കേന്ദ്രതൊഴില്‍ സെക്രട്ടറിയുമായും സംഘം ചര്‍ച്ച നടത്തി.
Discussion about this post