ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫീസില്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യുഐക്കാരുടെ അക്രമം. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് ദല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫീസിനു നേരെ അക്രമം ഉണ്ടായത്. യൂണിയന്‍ പ്രസിഡന്റ് തുഷാര്‍ ദേധ, സെക്രട്ടറി അപരാജിത, ജോ. സെക്രട്ടറി സച്ചിന്‍ ബെയ്സല എന്നിവരുടെ ഓഫീസുകളും സന്ദര്‍ശക മുറിയുമാണ് ആക്രമിച്ചത്. യൂണിയന്‍ പ്രസിഡന്റ് തുഷാര്‍ ദേധയുടെ ഓഫീസിലെ സാമഗ്രികള്‍ക്കു പുറമെ മുറിയില്‍ സൂക്ഷിച്ചിരുന്ന ശ്രീരാമപ്രതിമയും സ്വാമി വിവേകാനന്ദന്റെ ഫോട്ടോയുമുള്‍പ്പെടെ അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.
എന്‍എസ്യുഐ നേതാവും യൂണിയന്‍ വൈസ് പ്രസിഡന്റുമായ അഭി ദഹിയ, യാഷ് നന്ദല്‍, റൗണക് ഖത്രി, സിദ്ധാര്‍ത്ഥ് ഷിയോറന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാല്പതോളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് എബിവിപി അറിയിച്ചു. അക്രമത്തിനുമുമ്പ് പ്രതികള്‍ അഭി ദഹിയയുടെ മുറിയിലിരുന്ന് മദ്യപിച്ചിരുന്നതായി ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തതായി എബിവിപി വ്യക്തമാക്കി. വിദ്യാര്‍ത്ഥി യൂണിയനിലെ ഏക വനിതാ അംഗമായ തനിക്ക് ഓഫീസ് അക്രമിക്കപ്പെട്ട ശേഷം കാമ്പസില്‍ യാതൊരു സുരക്ഷിതത്വവും തോന്നുന്നില്ലെന്ന് സെക്രട്ടറിയും എബിവിപി നേതാവുമായ അപരാജിത പ്രതികരിച്ചു. എന്‍എസ്യുഐക്കാരുടെ ഭീഷണിപ്പെടുത്തല്‍ തുടരുകയാണെന്നും അവര്‍ പ്രതികരിച്ചു.
എന്‍എസ്യുഐയുടെ അക്രമത്തെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് എബിവിപി പ്രസ്താവനയില്‍ വ്യക്തമാക്കി. സാമൂഹ്യവിരുദ്ധര്‍ക്കും ഗുണ്ടകള്‍ക്കും അക്രമികള്‍ക്കും പ്രോത്സാഹനം നല്കുന്ന എന്‍എസ്യുഐ നിലപാട് അംഗീകരിക്കാനാകില്ല. അതിനെ എതിര്‍ക്കും. വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിഷേധമുയര്‍ത്തും. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
Discussion about this post