ന്യൂദല്‍ഹി: രാഷ്ട്രപതി ഭവന്റെ ദര്‍ബാര്‍ ഹാള്‍ ഇനി ഗണതന്ത്ര മണ്ഡപം. അശോക് ഹാളിന്റെയും പേര് മാറ്റി അശോക് മണ്ഡപം’ എന്ന് പേരിട്ടു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. ഭാരതീയ സാംസ്‌കാരിക മൂല്യങ്ങളും ധാര്‍മ്മികതയും പ്രതിഫലിപ്പിക്കുന്നതാകണം കെട്ടിടത്തിന്റെ പ്രൗഢിക്കൊപ്പം പേരുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
ദേശീയ പുരസ്‌കാര സമര്‍പ്പണം പോലുള്ള പ്രധാന ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും വേദിയാണ് ദര്‍ബാര്‍ ഹാള്‍. ദര്‍ബാര്‍ എന്ന പദം ബ്രിട്ടീഷ് ഭരണാധികാരികളുടെയും ആസ്ഥാനമന്ദിരങ്ങളെയും കോടതികളെയും അസംബ്ലികളെയും സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഭാരതം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായതിനു ശേഷം അതിന്റെ പ്രസക്തി നഷ്ടപ്പെട്ടു, ഗണതന്ത്ര’ എന്ന ആശയം പുരാതന കാലം മുതല്‍ ഭാരതീയ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്, ഗണതന്ത്ര മണ്ഡപം എന്ന പേരാണ് ഇതിന് അനുയോജ്യം, രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
‘അശോക് ഹാള്‍ യഥാര്‍ത്ഥത്തില്‍ ഒരു ബാള്‍ റൂമായിരുന്നു. അശോക്’ എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും മുക്തനായ അല്ലെങ്കില്‍ ദുഃഖത്തില്‍ നിന്നും മുക്തനായ എന്നതാണ്. കൂടാതെ, ‘അശോക’ എന്നത് ഐക്യത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമായ അശോക ചക്രവര്‍ത്തിയെ സൂചിപ്പിക്കുന്നു. സാരാനാഥില്‍ നിന്നുള്ള അശോകന്റെ മുദ്രയായ സിംഹശിരസാണ് ഭാരതത്തിന്റെ ദേശീയ അടയാളമാണ്. ഭാരതീയ പാരമ്പര്യങ്ങളിലും കലകളിലും സംസ്‌കാരത്തിലും ഏറെ പ്രാധാന്യമുള്ള അശോകവൃക്ഷത്തെയും ഈ വാക്ക് സൂചിപ്പിക്കുന്നു. ‘അശോക് ഹാള്‍’ എന്നതിനെ ‘അശോക് മണ്ഡപം’ എന്ന് പുനര്‍നാമകരണം ചെയ്യുന്നത് ഭാഷയില്‍ ഏകീഭാവം കൊണ്ടുവരുന്നതാണെന്ന് കുറിപ്പ് വ്യക്തമാക്കുന്നു.
Discussion about this post