ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ കേന്ദ്രനടപടിയില്‍ പ്രതികരണവുമായി മധ്യപ്രദേശ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന് തെറ്റ് തിരുത്താന്‍ ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ വേണ്ടിവന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ആര്‍എസ്എസ് പോലെ അന്താരാഷ്‌ട്രതലത്തില്‍ പ്രശസ്തമായ ഒരു സംഘടനയെ രാജ്യത്തെ നിരോധിത സംഘടനകളുടെ കൂട്ടത്തില്‍ തെറ്റായി ഉള്‍പ്പെടുത്തിയതില്‍ നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സുശ്രുത അരവിന്ദ് ധര്‍മാധികാരി, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.
രാജ്യത്തെ പല തരത്തില്‍ സേവിക്കണമെന്നുള്ള നിരവധി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ആഗ്രഹങ്ങള്‍ ഈ അഞ്ച് പതിറ്റാണ്ടിനുള്ളില്‍ നിരോധനം കാരണം കുറഞ്ഞു. ഈ കോടതി നിലവിലെ നടപടിക്രമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മാത്രമാണ് വിലക്ക് നീക്കിയത്. വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രപഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും വെബ്സൈറ്റിന്റെ ഹോം പേജില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണം.
കോടതി വിധി പുറപ്പെടുവിച്ച് 15 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഉത്തരവ് മുഴുവന്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈമാറണമെന്നും കോടതി ഉത്തരവിലുണ്ട്. ആര്‍എസ്എസ് വിവിധ മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ സേവാഭാരതി, സരസ്വതി ശിശുമന്ദിര്‍ എന്നിവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഏതെങ്കിലും പഠനത്തിന്റെയോ സര്‍വേയുടെയോ റിപ്പോര്‍ട്ടിന്റെയോ അടിസ്ഥാനത്തിലായിരിക്കില്ല ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെ വിലക്കിയതെന്നും ഉത്തരവിലുണ്ട്. ഏതെങ്കിലും സംഘടനയെ ജീവനക്കാര്‍ക്ക് വിലക്കുള്ള പ്രസ്ഥാനമായി വിജ്ഞാപനം ചെയ്യണമെങ്കില്‍ വ്യക്തമായ കാരണം കാണിക്കണം. ഭരണത്തില്‍ ഇരിക്കുന്നവരുടെ വ്യക്തിഗതമായ അഭിപ്രായങ്ങളാവരുത് അതിനു കാരണമെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കിനെതിരെ റിട്ട. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ പുരുഷോത്തം ഗുപ്ത നല്കിയ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു കോടതി. സപ്തംബറിലാണ് പുരുഷോത്തം ഗുപ്ത ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി വിലക്കിന് വിശദീകരണം തേടി കേന്ദ്രത്തിന് നോട്ടീസ് നല്കുകയായിരുന്നു. മെയ് 22ന് ഓണ്‍ലൈനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. വിലക്ക് നീക്കിയതായി അറിയിച്ച് ജൂലൈ 10ന് കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം നല്കുകയും ചെയ്തു. തുടര്‍ന്നാണ് കോടതി കേസ് തീര്‍പ്പാക്കിയത്.
1966ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നത് വിലക്കി ഉത്തരവിറക്കിയത്. 1970ലും 1980ലും ഈ ഉത്തരവ് പരിഷ്‌കരിച്ചു. ഈ വിലക്കാണ് ജൂലൈ ഒന്‍പതിന് കേന്ദ്ര പേഴ്സണല്‍, പബ്ലിക് ഗ്രിവന്‍സസ് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയത്തിനുകീഴിലെ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് പുതിയ ഉത്തരവിലൂടെ നീക്കിയത്.
Discussion about this post