ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഏക് പേഡ് മാ കേ നാം കാമ്പയിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ ഉത്തരാഖണ്ഡിലുടനീളം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.
എല്ലാ ജനങ്ങളും പദ്ധതിയില്‍ പങ്കാളികളാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും പദ്ധതിയുടെ ഭാഗമാകും. ജനജീവിതം പരിസ്ഥിതി സൗഹൃദവും ആരോഗ്യപൂര്‍ണവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ജനകീയമാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ ഗ്രാമമുഖ്യന്മാര്‍ക്കും ഇത് സംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 7795 ഗ്രാമപഞ്ചായത്തുകളും 95 ബ്ലോക്ക് പഞ്ചായത്തുകളും 13 ജില്ലാ പഞ്ചായത്തുകളുമാണുള്ളത്. ആഗസ്ത് 15 ജനങ്ങളെ സംബന്ധിച്ച് ഓര്‍മ്മയിലെന്നും നിലനില്‍ക്കുന്ന ദിവസമായി മാറും വിധമാണ് അമ്മയുടെ പേരില്‍ ഒരു മരം എന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം ആസൂത്രിതമായി നടപ്പാക്കുന്നത്. അമൃത് സരോവറുകള്‍ അടക്കമുള്ള എല്ലാ ജലാശയങ്ങളുടെ തീരങ്ങളിലും മരത്തൈകള്‍ വച്ചു പിടിപ്പിക്കും. സ്‌കൂളുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, കളിസ്ഥലങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ഉചിതമായ സ്ഥാനം കണ്ടെത്തി പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശം. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ഓരോ പഞ്ചായത്തിലും നോഡല്‍ ഓഫീസറെ നിയോഗിക്കും.
രാജസ്ഥാനില്‍ ഹരിയാലോ രാജസ്ഥാന്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് പദ്ധതിക്ക് ജനകീയ തുടക്കമായത്. ജോഥ്പൂരിലെ വനിതാ പോളിടെക്‌നിക്ക് കോളജ് അങ്കണത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി മദന്‍ ദിലാവര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
Discussion about this post