ബെംഗളൂരു: ബംഗ്ലാദേശിൽ ഹിന്ദു, ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെയുള്ള അക്രമങ്ങളിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് ഹിന്ദു സ്വയംസേവകസംഘ് യു എസ് എ ആവശ്യപ്പെട്ടു. കടുത്ത മനുഷ്യാവകാശലംഘനമാണ് അവിടെ നടക്കുന്നത്. ബംഗ്ലാദേശിലെ സർക്കാരിനെതിരെ യെന്ന നിലയിലാരംഭിച്ച വിദ്യാർത്ഥി, പൗര പ്രക്ഷോഭം ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള ഹീനമായ അക്രമമായി മാറുകയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ വരെ ക്രൂരമായ അക്രമമാണുണ്ടായതെന്ന് എച്ച് എസ് എസ് ചൂണ്ടിക്കാട്ടി. കാളിക്ഷേത്രങ്ങളും ഇസ്കോൺ ദേവാലയങ്ങളും അവർ തകർത്തു. കച്ചവടസ്ഥാപനങ്ങളും വീടുകളും കൊള്ളയടിച്ചു.
ന്യൂനപക്ഷ സമൂഹത്തിനെതിരെ സംഘടിതവും ആസൂത്രിതവുമായ ആക്രമണമാണ് അവിടെ നടക്കുന്നത്. സൈനിക പിന്തുണയോടെ ഇടക്കാല സർക്കാരിനെ നയിക്കുന്ന പ്രൊഫ. മുഹമ്മദ് യൂനിസ് ഈ വിഷയത്തിൽ മാനുഷികമായ ഇടപെടലിന് മുതിരണമെന്ന് എച്ച് എസ് എസ് ആവശ്യപ്പെട്ടു. എവിടെയെങ്കിലും ഉണ്ടാകുന്ന അനീതി എല്ലായിടത്തെയും നീതിക്ക് ഭീഷണിയാണെന്ന മാർട്ടിൻ ലൂഥർ കിങ്ങിൻ്റെ പ്രസ്താവന ബംഗ്ലാദേശ് ഭരണകൂടത്തെ ഓർമ്മിപ്പിക്കുകയാണ്. അമേരിക്കയിലെ ഭരണകൂടത്തോടും പൗര സമൂഹത്തോടും നയതന്ത്ര വിദഗ്ധരോടും ബംഗ്ലാദേശിലെ ന്യൂനപക്ഷസമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണം എന്ന് എച്ച് എസ് എസ് അഭ്യർത്ഥിച്ചു.
Discussion about this post