ന്യൂദല്‍ഹി: ബിരുദദാന ചടങ്ങുകളില്‍ കൊളോണിയല്‍ കാലത്തെ വസ്ത്രധാരണ രീതി ഉപേക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഓരോ സ്ഥാപനവും അതത് സംസ്ഥാനത്തിന്റെ പാരമ്പര്യവും സാസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന വസ്ത്രരീതി രൂപകല്പന ചെയ്യണം. എയിംസ് ഉള്‍പ്പെടെയുള്ള എല്ലാ മെഡിക്കല്‍ ടീച്ചിങ് സ്ഥാപനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിര്‍ദ്ദേശം നല്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ച പ്രണ് ആശയവുമായി ബന്ധപ്പെട്ടതാണ് പുതിയ നടപടി. ബിരുദദാന ചടങ്ങുകളില്‍ കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്ന നിലവിലെ രീതി യൂറോപ്പില്‍ നിന്നാണ് ഉത്ഭവിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തേതാണ് ഈ രീതി. പുതിയ ഡ്രസ് കോഡിനുള്ള നിദ്ദേശങ്ങള്‍ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2022ലെ സ്വാതന്ത്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മുന്നോട്ട് വച്ച ആശയമാണ് പഞ്ചപ്രണ്. അടുത്ത 25 വര്‍ഷത്തേക്ക് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതാണ് ഇത്. ഭാരതത്തിന്റെ പാരമ്പര്യത്തില്‍ അഭിമാനിക്കാനും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നും കൊളോണിയല്‍ സ്വാധീനം ഇല്ലാതാക്കാനും അന്ന് മോദി നിര്‍ദേശിച്ചിരുന്നു.
Discussion about this post