ഷിംല (ഹിമാചല്‍ പ്രദേശ്): ഷിംലയിലെ തിരക്കേറിയ സഞ്ജൗലി മാര്‍ക്കറ്റിനുള്ളില്‍ തിരക്കേറിയ സ്ഥലത്ത് അനധികൃത മസ്ജിദ് നിര്‍മാണം തടഞ്ഞ് നാട്ടുകാര്‍. മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഇസ്ലാം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനെന്ന പേരില്‍ സ്വകാര്യവ്യക്തി നല്കിയ ചെറിയ കെട്ടിടമാണ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നാല് നില മസ്ജിദായി ഉയര്‍ന്നത്. കെട്ടിടം നില്‍ക്കുന്ന സ്ഥലം വഖഫ് ഭൂമിയാണെന്ന വാദവുമായി മതമൗലികവാദികള്‍ രംഗത്തുവന്നതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി. അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് പ്രദേശവാസികളും വ്യക്തമാക്കി.
നിര്‍മാണത്തെ ചൊല്ലി കഴിഞ്ഞ ദിവസം ഉണ്ടായ വാക്കേറ്റം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. സഞ്ജൗലിയിലെ കടയുടമയായ യശ്പാല്‍ സിങ്ങിന് നേരെ മാരകമായ ആക്രമണമാണുണ്ടായത്. സാരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ തലയില്‍ 14 തുന്നലുകള്‍ വേണ്ടിവന്നു. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന ആവശ്യവുമായി സഞ്ജൗലിയില്‍ വലിയ പ്രകടനം നടന്നു.
അതേസമയം പള്ളിയാക്കി മാറ്റിയ കെട്ടിടം വ്യാവസായിക ആവശ്യത്തിന് വികസിപ്പിക്കാനെന്ന പേരില്‍ ഉടമ അനുമതി തേടിയിരുന്നുവെന്നും ഒരു നില പണിയുന്നതിന് സമ്മതം നല്കിയിരുന്നുവെന്നും ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ഭൂപേന്ദ്ര അത്രി വ്യക്തമാക്കി. അനധികൃത നിര്‍മ്മാണം വിവാദമായതോടെ ഈ കടയുടമയ്‌ക്കൊപ്പം വഖഫ് ബോര്‍ഡിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. പ്രതിഷേധത്തിനും നിയമപോരാട്ടത്തിനുമൊടുവില്‍ നിര്‍മാണം കോടതി തടഞ്ഞിരിക്കുകയാണ്.
ഡെപ്യൂട്ടി കമ്മിഷണര്‍ അനുപം കശ്യപ്, പോലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി എന്നിവരും സഞ്ജൗലിയിലെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിച്ചു. സാമൂഹിക വിരുദ്ധരെയും തഴച്ചുവളരാന്‍ അനുവദിക്കില്ലെന്നും നടപടികള്‍ വേഗത്തിലാക്കുമെന്നും എസ്പി സഞ്ജീവ് കുമാര്‍ ഗാന്ധി പറഞ്ഞു. എഎസ്പി രത്തന്‍ നേഗിക്കാണ് അന്വേഷണ ചുമതല.
Discussion about this post