ന്യൂദൽഹി: വനവാസി കല്യാണാശ്രമം അഖില ഭാരതീയ കാര്യകർത്താ സമ്മേളനം ഹരിയാനയിലെ സമാൽഖയിൽ 20 മുതൽ 22 വരെ ചേരുമെന്ന് പ്രചാർ പ്രമുഖ് പ്രമോദ് പേഥ്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി 21 ന് 80 വേദികളിലായി 80 വനവാസി ഗോത്ര വർഗ വിഭാഗങ്ങളുടെ അനുഷ്ഠാനങ്ങൾ അരങ്ങേറും. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാജ്യമൊട്ടാകെയുള്ള രണ്ടായിരം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഏഴ് പതിറ്റാണ്ടായി വനവാസി സമൂഹത്തിൽ സ്വത്വബോധമുണർത്തി ആത്മവിശ്വാസം വളർത്തി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് വനവാസി കല്യാണാശ്രമമെന്ന് പ്രമോദ് പേഥ്കർ പറഞ്ഞു. കായിക, വിദ്യാഭ്യാസ, ആരോഗ്യ, കൃഷി മേഖലകളിൽ വനവാസി സമൂഹത്തിൻ്റെ വളർച്ചയ്ക്കായി 14000 കേന്ദ്രങ്ങളിൽ 20000 പദ്ധതികൾ സംഘടന നടപ്പാക്കിയിട്ടുണ്ട്. 50000 ഗ്രാമങ്ങൾ ഇതിൻ്റെ ഗുണഭോക്താക്കളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വനവാസി ജനതയിലെ വ്യത്യസ്തങ്ങളായ സമ്പ്രദായങ്ങളെ നിലനിർത്തിക്കൊണ്ടുതന്നെ അവരെ ഏകതയുടെ ദേശീയ ധാരയിൽ അണിനിരത്തുകയാണ് വനവാസി കല്യാണാശ്രമം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post