ന്യൂദൽഹി: ഭൗതിക, ആദ്ധ്യാത്മിക ജ്ഞാനങ്ങളുടെ ഖനിയാണ് വേദങ്ങളെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . മുഴുവൻ പ്രപഞ്ചത്തെയും ഒന്നിപ്പിക്കുന്ന അറിവാണത് പ്രദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീപാദ് ദാമോദർ സാത് വലേക്കർ രചിച്ച വേദങ്ങളുടെ ഹിന്ദി ഭാഷ്യം മൂന്നാം പതിപ്പിൻ്റെ പ്രകാശനം അംബേഡ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭാരതവും വേദവും ഒന്ന് തന്നെയാണ്. ധർമ്മം, ഗണിതം, ശാസ്ത്രം, സംഗീതം, ചികിത്സ തുടങ്ങി എല്ലാ അറിവുകളും വേദം പകരുന്നുണ്ട്. സമസ്ത വിശ്വത്തിൻ്റെയും നന്മയ്ക്ക് വേണ്ടിയുള്ള അറിവ് അതിലുണ്ട്. മനുഷ്യകുലത്തെയാകെ ഒന്നായി പരിഗണിക്കുന്ന ശാസ്ത്രമാണതെന്ന് സർസംഘചാലക് ചൂണ്ടിക്കാട്ടി.
സത്യം ജ്ഞാനമനന്തം ബ്രഹ്മ എന്ന ദർശനത്തിലൂടെ ഭാരതീയ ഋഷിമാർ ലോകക്ഷേമത്തിനായാണ് വേദങ്ങൾ രചിച്ചതെന്ന് ഡോ. മോഹൻ ഭാഗവത് പറഞ്ഞു.
മഹാമണ്ഡലേശ്വർ സ്വാമി ബാലകാനന്ദ ഗിരി , വിശ്വഹിന്ദു പരിഷത്ത് സംരക്ഷക് ദിനേശ് ചന്ദ്ര തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post