ജയ്സാല്‍മീര്‍(രാജസ്ഥാന്‍): ആര്‍എസ്എസ് ഒരു സംഘടനയല്ല, രാഷ്ട്രനവോത്ഥാനത്തിന്റെ മുന്നേറ്റമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജയ്സാല്‍മീര്‍ ഷഹീദ് പൂനം സിങ് സ്റ്റേഡിയത്തില്‍ ആര്‍എസ്എസ് സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ നവീകരണത്തിനും സര്‍വതോമുഖമായ നവോത്ഥാനത്തിനും വേണ്ടിയുള്ള മഹത്തായ പ്രവര്‍ത്തനപദ്ധതിയാണത്. ദേശീയ ജീവിതത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള മുന്നേറ്റമാണിത്. സംഘത്തെ നിര്‍വചിച്ചുകൊണ്ട് മുന്‍ സുപ്രീം കോടതി ജഡ്ജി കെ.ടി. തോമസ് പറഞ്ഞത് അത് ജനാധിപത്യത്തിന്റെയും രാഷ്ട്രജീവിതത്തിന്റെയും സുരക്ഷയുടെ ഉറപ്പാണെന്നാണ്. സൈന്യത്തെയും പോലീസിനെയും പോലെ സംഘവും രാജ്യത്തിന്റെ സുരക്ഷാ കവചമാണെന്ന് ജസ്റ്റിസ് തോമസിന്റെ വാക്കുകള്‍ ആര്‍എസ്എസിന്റെ മഹത്വത്തെ അടയാളപ്പെടുത്തുന്നതാണെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
1925ല്‍ നാഗ്പൂരിലെ ഒരു ചെറിയ സ്ഥലത്ത് നിന്ന് ആരംഭിച്ച സംഘ പ്രവര്‍ത്തനം രാജ്യത്ത് എല്ലാ മേഖലകളിലും എത്തിയിരിക്കുന്നു. ആദ്യകാലത്ത് ആളുകള്‍ സംഘത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ സ്വയംസേവകരുടെ ത്യാഗവും അര്‍പ്പണബോധവും കൊണ്ട് രൂപീകരിച്ച ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക സംഘടനയെന്ന അംഗീകാരം സംഘം നേടിയെടുത്തു.
ഹിന്ദുരാഷ്ട്രം എന്നതിലെ ഹിന്ദു മതമല്ല, ജീവിതരീതിയാണ്. ഈ ആദര്‍ശത്തെ മുന്‍നിര്‍ത്തിയാണ് സ്വാമി വിവേകാനന്ദന്‍ ഹിന്ദുത്വം പ്രചരിപ്പിച്ചത്. ഹിന്ദുക്കള്‍ക്ക് ഒന്നിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം രാജ്യത്തെ സാധാരണ ജനങ്ങളില്‍ സംഘം വളര്‍ത്തി. തുടക്കത്തില്‍ അത് വര്‍ഗീയവും സങ്കുചിതവുമായ ചിന്താഗതിയാണെന്നാണ് ആളുകള്‍ പറഞ്ഞത്. എന്നാല്‍ ഹിന്ദു എന്നത് ഒരു ജീവിതദര്‍ശനമാണെന്നും സംഘം വിശദീകരിച്ചു. മാനവികതയുടെ രക്ഷയ്ക്കായി കഠിനപ്രയത്‌നം നടത്തിയവരാണ് നമ്മുടെ ഋഷിമാര്‍. പ്രകൃതിയുടെ സംരക്ഷണം ഹിന്ദുധര്‍മ്മത്തില്‍ അന്തര്‍ലീനമാണ്. ഇതാണ് പവിത്രമായ സനാതന സംസ്‌കൃതി, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
സാംഘിക്കിന് മുന്നോടിയായി ബലിദാനി പൂനം സിങ്ങിന്റെ പ്രതിമയില്‍ സര്‍കാര്യവാഹ് പുഷ്പാര്‍ച്ചന നടത്തി.
Discussion about this post