ശ്രീനഗർ: സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. 1984 ലെ ഓപ്പറേഷൻ മേഘദൂതിൽ ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ യുദ്ധ സ്മാരകത്തിൽ ആദരവർപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളിലും രാജ്യത്തിന്റെ പരമാധികാരം കാത്ത് സംരക്ഷിക്കുന്ന സൈനികരുടെ വീര്യത്തെ രാഷ്‌ട്രപതി പ്രശംസിച്ചു.
1984 ഏപ്രിലിൽ ഓപ്പറേഷൻ മേഘദൂത് ആരംഭിച്ചതു മുതൽ, ഇന്ത്യൻ സായുധ സേനയിലെ ധീരരായ സൈനികരും ഉദ്യോഗസ്ഥരും ഈ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയിലും മൈനസ് 50 ഡിഗ്രി താപനിലയിലും അവർ മുഴുവൻ സമയവും ജാഗരൂകരായിരുന്നു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിൽ ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും അതുല്യ ഉദാഹരണങ്ങളാണ് സൈനികരെന്നും ദ്രൗപദി മുർമു പറഞ്ഞു.
സൈനികരുടെ ത്യാഗോജ്ജ്വല സേവനത്തിൽ അഭിമാനിക്കുന്നുവെന്നും അവരുടെ ധീരതയെ അഭിവാദ്യം ചെയ്യുന്നതായും രാഷ്‌ട്രപതി പറഞ്ഞു. സൈനിക യൂണിഫോം ധരിച്ചാണ് രാഷ്‌ട്രപതി എത്തിയത്. തോയിസ് വ്യോമതാവളത്തിലെത്തിയ എത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ലഡാക്കിലെ ലെഫ്റ്റനൻ്റ് ഗവർണർ, ബ്രിഗേഡിയർ ബിഡി മിശ്ര, എന്നിവർ ചേർന്ന് സ്വീകരിച്ചു. സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിക്കുന്ന രാജ്യത്തെ മൂന്നാമത്തെ രാഷ്‌ട്രപതിയാണ് ദ്രൗപദി മുർമു.
Discussion about this post