നാഗ്പൂര്‍: സുഖവും സമാധാനവും കണ്ടെത്താന്‍ 2000 വര്‍ഷമായി ലോകമാകെ നടത്തിയ അന്വേഷണങ്ങള്‍ എത്തിനില്‍ക്കുന്നത് ഭാരതമെന്ന ഉത്തരത്തിലാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മുതലാളിത്തവും കമ്മ്യൂണിസവുമടക്കമുള്ള എല്ലാ പരീക്ഷണങ്ങളും പരാജയമായിരുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും സുഖം എന്ന ലക്ഷ്യത്തിലേക്ക് നയിക്കാന്‍ പര്യാപ്തം ഭാരതീയ ജീവിതരീതിയാണെന്ന് ഇന്ന് ലോകരാഷ്ട്രങ്ങള്‍ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദര്‍ഭ ഹിന്ദി മോര്‍ ധവനിലെ മധുരം ഹാളില്‍ നടന്ന പരിപാടിയില്‍ ദയാശങ്കര്‍ തിവാരി രചിച്ച മാ ഭാരതി കേ സാരഥി പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ’ എന്ന ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൗതിക വികസനം അതിന്റെ പാരമ്യത്തിലേക്ക് എത്തിയിരിക്കുന്നു. എന്നാല്‍ അതിലേക്കുള്ള വഴികള്‍ പലപ്പോഴും മനുഷ്യരാശിയെ നാശത്തിലേക്ക് കൊണ്ടുപോകുന്നു. നമ്മുടെ പാരമ്പര്യം ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിച്ചതാണ്. ഇവിടെ
ആരും ആരെയും തള്ളിപ്പറഞ്ഞിട്ടില്ല. ഈശ്വരവിശ്വാസിക്കും നിരീശ്വരവാദിക്കും ഒരുപോലെ ഇടമുള്ളതാണ് ഭാരതത്തിന്റെ ജീവിത ദര്‍ശനമെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ലോകത്തെവിടെ നോക്കിയാലും സംഘര്‍ഷമാണ്. വൈവിധ്യങ്ങളെ അംഗീകരിക്കാത്തതാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാനം. ബലപ്രയോഗത്തിലൂടെ ലോകത്തെ ഒന്നിപ്പിക്കാനാവില്ല. ഏകാത്മകത എന്നത് മനുഷ്യജീവിതത്തിന്റെ ആത്മസത്തയായി മാറണം. ഇതാണ് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ചൂണ്ടിക്കാട്ടിയ ഭാരതീയ ചിന്ത. യഥാര്‍ത്ഥത്തില്‍ ഈ ലോകം ഒന്നാണ്. ഓരോരുത്തരും വൈവിധ്യപൂര്‍ണമായ ജീവിതം ആഗ്രഹിക്കുന്നു. ഇത് അംഗീകരിക്കുകയും അതേസമയം നമ്മള്‍ ഒന്നാണെന്ന് മനസിലാക്കുകയും ചെയ്യുകയാണ് വേണ്ടത്. അതാണ് ഭാരതം മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം.
ദീന്‍ദയാല്‍ജിയെപ്പോലെ ഒരു മഹാത്മാവിന്റെ ഉയരത്തിലെത്താന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അതിന്റെ ആവശ്യവുമില്ല. എന്നാല്‍ അദ്ദേഹം ചൊരിഞ്ഞ പ്രകാശത്തിന്റെ നൂറിലൊരംശം നാം ആര്‍ജിച്ചാല്‍ എല്ലാ ദിശയിലെയും ഇരുട്ടകറ്റാന്‍ അത് മതിയാകുമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. വേദ്പ്രകാശ് മിശ്ര, ഗ്രന്ഥകാാരനും കവിയുമായ ദയാശങ്കര്‍ തിവാരി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post