മംഗളൂരു: ശ്രീരാമജന്മഭൂമി ട്രസ്റ്റിന്റെ മാതൃകയില്‍ രാജ്യത്തെ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് ട്രസ്റ്റുകള്‍ രൂപീകരിക്കണമെന്ന് പേജാവര്‍ മഠാധിപതിയും ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിയുമായ സ്വാമി വിശ്വപ്രസന്ന തീര്‍ത്ഥ. തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സമാനമായ രീതിയിലുള്ള ക്രമക്കേടുകള്‍ തടയാന്‍ ഇത്തരം ട്രസ്റ്റുകള്‍ രൂപീകരിക്കുകയാണ് പരിഹാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതര മതസ്ഥര്‍ അവരുടെ ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യുന്നതുപോലെ എല്ലാ ക്ഷേത്രങ്ങളും ഹിന്ദു വിശ്വാസികള്‍ക്ക് തിരികെ നല്‍കണമെന്നും സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി സമാനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സ്വാമി വിശ്വപ്രസന്ന തീര്‍ത്ഥ കൂട്ടിച്ചേര്‍ത്തു.
മറ്റെല്ലാ മതങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും മിക്ക ഹിന്ദു ക്ഷേത്രങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ആചാരങ്ങള്‍ക്ക് ഹിന്ദുക്കള്‍ക്ക് അവരുടേതായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. ആ ആചാരങ്ങള്‍ പാലിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കണം. രാജ്യത്തുടനീളമുള്ള അത്തരം ക്ഷേത്രങ്ങള്‍ക്ക് അയോദ്ധ്യയെപ്പോലെ ട്രസ്റ്റുകള്‍ രൂപീകരിക്കണം, അദ്ദേഹം പറഞ്ഞു.
പ്രസാദങ്ങളുടെ സുരക്ഷയും നിലവാരവും സംബന്ധിച്ച ആശങ്കകള്‍ നീക്കണം. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കണം. ക്ഷേത്രങ്ങളിലേക്ക് ആവശ്യമായ പാലും നെയ്യും ഉത്പാദിപ്പിക്കുന്നതിന് സ്വന്തമായി ഗോശാലകള്‍ തുറക്കുന്നതിനുള്ള സാധ്യതകള്‍ അന്വേഷിക്കണം, അദ്ദേഹം പറഞ്ഞു.
അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിച്ചിട്ടുണ്ടെന്നും ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post