മുംബൈ: ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു. രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്നാണ് നോയലിന്റെ നിയമനം. ഇന്ന് രാവിലെ ചേര്‍ന്ന ടാറ്റ ട്രസ്റ്റ് ബോര്‍ഡ് യോഗത്തിലാണ് രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരന്‍ കൂടിയായ നോയല്‍ ടാറ്റയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്.
ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ചെയര്‍മാനും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ നോയല്‍ ടാറ്റ നാല് പതിറ്റാണ്ടായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ട്രെന്റ്, വോള്‍ട്ടാസ് ആന്‍ഡ് ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്പറേഷന് എന്നിവയുടെ ചെയര്‍മാനായും ടാറ്റ സ്റ്റീല്‍ ആന്‍ഡ് ടൈറ്റന് കമ്പനി ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിക്കുന്നത് ഉള്‍പ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡുകളില്‍ നോയല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നു.സര് രത്തന്‍ ടാറ്റ ട്രസ്റ്റ്, സര് ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ് ട്രസ്റ്റി പദവി വഹിച്ചുകൊണ്ടിരുന്ന നോയൽ, ടാറ്റ ഗ്രൂപ്പിന്റെ വ്യാപാര-വിതരണ വിഭാഗമായ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമാണ്.
യുകെയിലെ സസെക്സ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടി നോയല്‍ ടാറ്റ ഐഎന്‍എസ്ഇഎഡിയില്‍നിന്ന് ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് പ്രോഗ്രാമും പൂര്‍ത്തിയാക്കി. നവല്‍ എച്ച് ടാറ്റയും സിമോണ്‍ എന്‍ ടാറ്റയുമാണ് മാതാപിതാക്കൾ. നവല്‍ എച്ച് ടാറ്റയ്ക്ക് രണ്ട് ഭാര്യമാണുണ്ടായിരുന്നത്. ആദ്യ ഭാര്യ സൂനി ടാറ്റയിലുള്ള മക്കളാണ് രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും.രത്തൻ ടാറ്റയ്ക്കുശേഷ് ഇടക്കാലത്ത് ടാറ്റ സൺസ് ചെയർമാൻ സ്ഥാനം വഹിച്ച സൈറസ് മിസ്ത്രിയുടെ സഹോദരി അലൂ മിസത്രിയാണ് നോയലിന്റെ ഭാര്യ. ലിയ ടാറ്റ, നെവില്‍ ടാറ്റ, മായ ടാറ്റ എന്നിവരാണ് നോയൽ ടാറ്റ- അലൂ മിസ്ത്രി ദമ്പതികളുടെ മക്കൾ. മൂവരും ടാറ്റ ട്രസ്റ്റ് ബോർഡ് അംഗങ്ങളാണ്.
Discussion about this post