ജയ്പൂര്‍ (രാജസ്ഥാന്‍): രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ഭീഷണിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ഇത് അണുബോംബുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കാള്‍ ഒട്ടും ചെറുതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജയ്പൂരിലെ ബിര്‍ള ഓഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര സിഎ സമ്മേളനത്തിന്റെ ഉദ്ഘാടനസഭയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു ധന്‍ഖര്‍.
ജനസംഖ്യാ വര്‍ധനവ് ചില പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് തന്നെ അപ്രസക്തമാക്കും വിധം ചിലരുടെ കോട്ടയാക്കിമാറ്റുന്നു. ഇത് ആശങ്കാജനകമാണ്. ജനാധിപത്യത്തിന് കടന്നുചെല്ലാനാവാത്ത പ്രദേശങ്ങള്‍ അപകടകരമാണ്.
ഭാരതം ഒരു സ്ഥിരതയുള്ള ആഗോള ശക്തിയായി തുടരണം. ഈ നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കണം, അത് മനുഷ്യരാശിക്ക് നനന്മ സംഭാവന ചെയ്യും. എന്നാല്‍ രാജ്യത്ത് നടക്കുന്ന ജനസംഖ്യാവിസ്‌ഫോടനത്തിന് നേരെ കണ്ണടയ്ക്കുന്നത് അപകടകരമാണ്. ജൈവികവും സ്വാഭാവികവുമായ ജനസംഖ്യാ മാറ്റം അസ്വസ്ഥത സൃഷ്ടിക്കില്ല. അതേസമയം എന്തെങ്കിലും നേടുന്നതിന് തന്ത്രപരമായി കൊണ്ടുവരുന്ന ജനസംഖ്യാ മാറ്റം ഭയപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ വെല്ലുവിളി കൈകാര്യം ചെയ്തില്ലെങ്കില്‍, അത് രാജ്യത്തിന്റെ തനിമയ്ക്ക് ഭീഷണിയാകും. ജനസംഖ്യാ ക്രമക്കേടുകള്‍ കാരണം 100 ശതമാനം തനിമ നഷ്ടപ്പെട്ട രാജ്യങ്ങളുടെ പേര് ഞാന്‍ പറയേണ്ടതില്ല, ധന്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.ഭാരതത്തിന്റെ സംസ്‌കാരം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്. സഹിഷ്ണുത ശീലമാക്കിയ ഭൂരിപക്ഷം രാജ്യത്തെ ശാന്തമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. ഇടുങ്ങിയ വിഭജനചിന്തകള്‍ ഉപേക്ഷിച്ച് ഭാരതത്തിന്റെ വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന ഒരു ദേശീയ കാഴ്ചപ്പാട് സ്വീകരിക്കാന്‍ എല്ലാവരും തയാറാകണം. ഒരു യഥാര്‍ത്ഥ ഭാരത പൗരന്‍, സ്വന്തം വിശ്വാസങ്ങള്‍ക്കപ്പുറം ഈ രാജ്യത്തിന്റെ മഹത്തായ ഭൂതകാലത്തെ ആഘോഷിക്കും. കാരണം ഇത് നമ്മുടെ പൊതുവായ സാംസ്‌കാരിത പൈതൃകമാണ്.
എന്നാല്‍ സഹിഷ്ണുതയുടെയും സമാദരവിന്റെയും ഈ പൈതൃകം നമ്മുടെ ബലഹീനതയായി ചിത്രീകരിക്കാനുള്ള ശ്രമമുണ്ട്. അതിന്റെ മറവില്‍ രാജ്യത്തെ നശിപ്പിക്കാനുള്ള പദ്ധതിയുണ്ട്. അരാജകത്വത്തിന്റെ ചാമ്പ്യന്മാരായ അത്തരം ശക്തികള്‍ക്കെതിരെ മാനസികമായും ആശയപരമായും പൊരുതണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
അടുത്ത ദിവസത്തെ പത്രത്തിന്റെ തലക്കെട്ടിനായി ദേശീയ താല്‍പ്പര്യം ത്യജിക്കുന്നതിന് മടിയില്ലാത്ത കക്ഷിരാഷ്ട്രീയക്കാരെ കരുതിയിരിക്കണം. നമ്മുടെ വികസന യാത്ര ലോകത്തെ അമ്പരപ്പിക്കുന്നതാണ്, എന്നാല്‍ സാമൂഹിക ഐക്യം തകര്‍ന്നാല്‍ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമാകും. രാജ്യത്തിനകത്തും പുറത്തും ഉയരുന്ന വിഭജനം ഭീഷണികളെക്കുറിച്ച് എല്ലാവരും കരുതലോടെയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post