രുദ്രപ്രയാഗ്(ഉത്തരാഖണ്ഡ്): ശൈത്യകാലം പ്രമാണിച്ച് ശ്രീകേദാര്‍നാഥ് ധാം ഭയ്യാ ദൂജ് ഉത്സവത്തോടെ അടച്ചു. ഇന്ന് രാവിലെ 8.30ന് നടന്ന പൂജാകാര്യക്രമങ്ങള്‍ക്ക് ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) പ്രസിഡന്റ് അജേന്ദ്ര അജയ് ഉള്‍പ്പെടെ പതിനയ്യായിരത്തിലേറെ ഭക്തര്‍ സാക്ഷികളായി. കീര്‍ത്തനങ്ങളുടെയും ഓം നമഃശിവായ മന്ത്രജപത്തോടെയുമാണ് ക്ഷേത്ര ശ്രീകോവില്‍ അടച്ചത്. ദീപാവലി ദിനം മുതല്‍ തുടര്‍ച്ചയായി നടന്ന ഭയ്യാ ദൂജ് മഹോത്സവത്തിന് ആയിരങ്ങളാണ് കേദാര്‍നാഥില്‍ ദര്‍ശനം നടത്തിയ മടങ്ങിയത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് നടയടയ്ക്കല്‍ ചടങ്ങുകള്‍ ആരംഭിച്ചത്. കേദാര്‍നാഥിലെ സ്വയംഭൂ ശിവലിംഗത്തില്‍ ഭസ്മം, നാടന്‍ പൂക്കള്‍, വള്ളിച്ചെടികള്‍ മുതലായവ ഉപയോഗിച്ച് സമാധി രൂപം നല്‍കിയായിരുന്നു പൂജകള്‍. രാവിലെ 8.30 ന് പഞ്ചമുഖി ബാബ കേദാര്‍നാഥ് ബിംബം പല്ലക്കിലേറ്റി ക്ഷേത്രത്തിന് പുറത്തേക്ക് എത്തിച്ചതിന് ശേഷമാണ് നട അടച്ചത്. തുടര്‍ന്ന് ദേവ ബിംബവുമായി രാംപൂരിലേക്ക് ഭക്തസഹസ്രങ്ങള്‍ പദയാത്ര നടത്തി.
പതിനാറര ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഈ കാലയളവില്‍ കേദാര്‍നാഥ് ധാമില്‍ എത്തിയതെന്ന് അജേന്ദ്ര അജയ് പറഞ്ഞു. കേദാര്‍നാഥ് ധാമിന് പിന്നാലെ ബദരീനാഥ് ക്ഷേത്രം 17ന് അടയിക്കും. ഹേംകുണ്ഠ് സാഹിബ് ഗുരുദ്വാരയും ലോക്പാല്‍ ലക്ഷ്മണ്‍ ക്ഷേത്രവും ഒക്ടോബര്‍ 10 ന് അടച്ചു. കേദാര്‍ മദ്മഹേശ്വര ക്ഷേത്രം 20നും തുംഗനാഥ് ക്ഷേത്രം നാളെയും അടയ്ക്കും.
Discussion about this post