ന്യൂദല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതിന്റെ പത്താം വര്‍ഷത്തില്‍ ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വിമുക്തഭടന്മാരുടെയും ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരവാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ച വിമുക്തഭടന്മാരുടെ ധീരതയ്ക്കും ത്യാഗത്തിനും ആദരവായാണ് കേന്ദ്രസര്‍ക്കാര്‍ ഒആര്‍ഒപി നടപ്പാക്കിയത്. ദീര്‍ഘകാല ആവശ്യം പരിഹരിക്കുന്നതിനും രാജ്യത്തിന്റെ നന്ദി പ്രകടമാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പായിരുന്നു അത്. ഒരു പതിറ്റാണ്ടിനിടയില്‍ ലക്ഷക്കണക്കിന് പെന്‍ഷന്‍കാരും കുടുംബങ്ങളും ഈ പദ്ധതിയുടെ പ്രയോജനം നേടിയെന്നത് ആഹ്ലാദകരമാണ്. അക്കങ്ങള്‍ക്കപ്പുറം, സായുധ സേനയുടെ ക്ഷേമത്തിനായുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെയാണ് ഒആര്‍ഒപി പ്രതിനിധീകരിക്കുന്നത്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പദ്ധതിയെ അഭിനന്ദിച്ചു, സായുധ സേനയോടുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ പ്രതിഫലനമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. സൈനികരെയും കുടുംബങ്ങളെയും പരിപാലിക്കാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പദ്ധതിയിലൂടെ 25 ലക്ഷത്തിലേറെ മുന്‍സൈനികര്‍ക്ക് പ്രയോജനം ലഭിച്ചെന്നും സിങ് പറഞ്ഞു.
Discussion about this post