ഹൈദരാബാദ്(തെലങ്കാന): ഭാരതത്തിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമായ ലോക്മന്ഥന്‍ 2024ന് ഭാഗ്യനഗര്‍ വേദിയാകും. 21 മുതല്‍ 24 വരെ ഭാരതീയ നാടന്‍ കലകളുടെയും നാട്ടറിവുകളുടെയും സംഗമവേദിയായി ലോക്മന്ഥന്‍ മാറും. ലോകമെമ്പാടുമുള്ള പുരാതന ഗോത്രപാരമ്പര്യങ്ങളുടെ പിന്മുറക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
21ന് മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ലോക്മന്ഥന്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് പ്രസംഗിക്കും. 24ന് ചേരുന്ന സമാപന പൊതുപരിപാടിയില്‍ തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, സാംസ്‌കാരികമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
സാംസ്‌കാരിക മഹോത്സവം എന്നതിനപ്പുറം ഭാരതീയ ദര്‍ശനത്തെക്കുറിച്ചുള്ള വൈചാരിക മഥനത്തിന് ലോക്മന്ഥന്‍ വേദിയാകുമെന്ന് ജെ. നന്ദകുമാര്‍ വിശദീകരിച്ചു. ആഗോള പാരമ്പര്യങ്ങളുടെ അത്യപൂര്‍വ സംഗമത്തിന് ഇത് അവസരമൊരുക്കും.
നാടോടിപാരമ്പര്യങ്ങളുടെ സമഗ്രമായ അവലോകനത്തിലൂടെ വിചാരം, വ്യവഹാരം, വ്യവസ്ഥ എന്നിവയുടെ ചിന്തയും ചര്‍ച്ചയും ഈ വേദിയില്‍ നടക്കും, 1500ല്‍ അധികം നാടോടി കലാകാരന്മാര്‍ ലോക്മന്ഥനില്‍ അവരുടെ പ്രതിഭകള്‍ അവതരിപ്പിക്കും. 2,500ലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്രതിദിനം ഒരു ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു, നന്ദകുമാര്‍ പറഞ്ഞു.
Discussion about this post