പൂനെ: വഖഫ് ബോര്‍ഡിന്റെ ഭൂമി ഉടമസ്ഥാവകാശത്തില്‍ 135 കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടമായി. എട്ട് വര്‍ഷമായി തെരുവില്‍. പൂനെ കുംഭാര്‍വാഡയിലെ പുണ്യേശ്വര്‍ കോ- ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരാണ് വീട് നഷ്ടമായി ദുരിതത്തിലായത്.
ഹൗസിങ് സൊസൈറ്റിയിലെ ചേരി പുനര്‍ നിര്‍മാണത്തിനായി 2016ല്‍ പൊളിച്ചു നീക്കിയതാണ്. എന്നാല്‍ അതിനിടെ ഇത് വഖഫ് ഭൂമിയാണെന്ന് അവകാശം ഉന്നയിക്കുകയായിരുന്നു. സമീപത്ത് ഒരു ദര്‍ഗയുണ്ടെന്നും ഈ ഭൂമി വഖഫിന്റേതാണെന്നും അവകാശവാദം ഉന്നയിച്ചു. ഇതോടെ ചേരിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുകയായിരുന്നു.
എട്ട് വര്‍ഷത്തോളമായി ഈ 135 കുടുംബങ്ങള്‍ക്കും വീടില്ല. പൊളിച്ച വീടിന്റെ അവശിഷ്ടങ്ങള്‍ കോളനിയില്‍ കുന്നുകൂടി കിടപ്പുണ്ട്. ചേരി നിവാസികളില്‍ ഭൂരിഭാഗവും കൂലിവേല ചെയ്ത് ജീവിക്കുന്നവരാണ്. കുടിയിറക്കപ്പെട്ട സമയത്ത് കുടുംബങ്ങള്‍ക്കെല്ലാം വാടക നല്‍കിയിരുന്നു. പിന്നീടതും ഇല്ലാതായി. സംഭവത്തില്‍ കുടുംബങ്ങളെല്ലാം കോടതിയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. സമീപത്തെ ദര്‍ഗയുടെ ഭാഗമാണീ പ്രദേശങ്ങളെല്ലാം എന്ന വാദം വഖഫ് ബോര്‍ഡ് ആവര്‍ത്തിക്കുകയായിരുന്നു.
അതേസമയം വഖഫിന്റെ വാദങ്ങള്‍ തെറ്റാണെന്നും 1960 മുതല്‍ കുംഭാര്‍വാഡയില്‍ ഈ ചേരിയുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി തിരികെ വേണം. പുതിയ വഖഫ് നിയമത്തിലാണ് അവസാന പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post