ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്റെ ലീഗൽ സെൽ പരിപാടിയിൽ പങ്കെടുത്ത് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖർ കുമാർ യാദവ് . “യൂണിഫോം സിവിൽ കോഡ്: ഭരണഘടനാപരമായ അനിവാര്യത” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് യാദവ്. മുസ്ലീം സമുദായത്തെ പ്രത്യേകമായി പേരെടുത്ത് പരാമർശിക്കാതെ പല കാര്യങ്ങളും അദ്ദേഹം സൂചിപ്പിച്ചു . മൃഗങ്ങളെ കുഞ്ഞുങ്ങളുടെ മുന്നിൽ വച്ച് കൊന്നാൽ അവർ എങ്ങനെയാണ് ദയ പഠിക്കുക – എന്ന് അദ്ദേഹം ചോദിച്ചു.
ജനനം മുതൽ സഹിഷ്ണുതയും ദയയും ഞങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു. ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാകുമ്പോൾ, അവരെ വേദമന്ത്രങ്ങൾ വായിക്കാൻ പഠിപ്പിക്കുന്നു, അവരെ അഹിംസയെക്കുറിച്ച് പഠിപ്പിക്കുന്നു. എന്നാൽ കുട്ടിക്കാലം മുതൽ നിങ്ങളുടെ കുട്ടികളെ മൃഗങ്ങളെ കൊല്ലുന്നത് കാണിക്കുന്നു.ആ കുഞ്ഞുങ്ങളെ എങ്ങനെയാണ് സ്നേഹവും, സഹിഷ്ണുതയും അറിയുക.
നാല് ഭാര്യമാരെ നിലനിർത്താൻ ഞങ്ങൾക്ക് അവകാശമുണ്ടെന്നും ഹലാല നൽകാൻ ഞങ്ങൾക്ക് അവകാശമുണ്ടെന്നും മൂന്ന് തവണ തലാഖ് ചൊല്ലാൻ ഞങ്ങൾക്ക് അവകാശമുണ്ടെന്നും ഭാര്യമാർക്ക് ജീവനാംശം നൽകാതിരിക്കാനുള്ള അവകാശമുണ്ടെന്നും നിങ്ങൾക്ക് പറയാനാകില്ല. ഇത് പറ്റില്ലെന്ന് പറയുന്നത് വിഎച്ച്പിയോ ആർഎസ്എസോ ഹിന്ദു സമൂഹമോ അല്ല. രാജ്യത്തെ പരമോന്നത കോടതി പോലും ഇതിനെക്കുറിച്ച് സംസാരിക്കുന്നു.
സതി,തൊട്ടുകൂടായ്മ തുടങ്ങിയ ഹിന്ദു നിയമങ്ങളിലെ പിഴവുകൾ നിയമപരമായി നീക്കിയപ്പോൾ, ഭാര്യയുടെ സാന്നിധ്യത്തിൽ മൂന്ന് ഭാര്യമാരെ കൂടി പാർപ്പിക്കാമെന്ന ഈ നിയമം നിങ്ങൾക്ക് എന്തുകൊണ്ട് എടുത്തുകളയാൻ കഴിയുന്നില്ലെന്നും ജസ്റ്റിസ് യാദവ് ചോദിച്ചു.
അയോദ്ധ്യയിൽ രാം ലല്ലയെ കാണാൻ കഴിയുമെന്ന് ആളുകൾ കരുതിയിരുന്നില്ല .എന്നാൽ ഈ തലമുറ അത് കണ്ടു, ഈ യുസിസി ബില്ലും ഉടൻ വെളിച്ചം കാണും. സ്വാമി വിവേകാനന്ദനെപ്പോലുള്ള മഹാന്മാർ പറഞ്ഞു, “അഭിമാനത്തോടെ പറയൂ, ഞങ്ങൾ ഹിന്ദുക്കളാണെന്ന്”, “ആർക്കെങ്കിലും ഈ രാജ്യത്തെ വിശ്വഗുരു ആക്കാൻ കഴിയുമെങ്കിൽ, അത് ഒരു ഹിന്ദുവിആണ്, മറ്റാർക്കും അത് ചെയ്യാൻ കഴിയില്ല” എന്ന് അവർക്ക് അറിയാമായിരുന്നു .
“നിങ്ങളുടെ ഉള്ളിലെ ഈ ആഗ്രഹം മരിക്കാൻ നിങ്ങൾ അനുവദിക്കരുത്. അങ്ങനെയായാൽ ബംഗ്ലാദേശും താലിബാനും ആകാൻ അധിക സമയമെടുക്കില്ല. – എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post