ന്യൂദൽഹി: ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്ല് എത്രയും വേഗം പാർലമെന്റിൽ അവതരിപ്പിക്കും. നിലവിലുള്ള തെരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തിക്കൊണ്ടുള്ള സമഗ്രമായ ഒറ്റ നിയമം ശുപാർശ ചെയ്യുന്ന ബില്ലാകും അവതരിപ്പിച്ചേക്കുക.
ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മന്ത്രിസഭ ഇപ്പോൾ അംഗീകാരം നൽകിയ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. അടിക്കടി തെരഞ്ഞെടുപ്പു വരുന്നത് രാജ്യപുരോഗതിക്ക് വിഘാതമാകുന്നുവെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദി സർക്കാർ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു.
ആദ്യഘട്ടമെന്ന നിലയില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനും തുടര്‍ന്ന് നൂറു ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ച് കോവിന്ദ് സമിതി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു.
ബില്ലിൽ വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് (ജെ.പി.സി.) കൈമാറിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. മുഴുവൻ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുമായും ജെപിസി ചർച്ച നടത്തും. എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭാ സ്പീക്കറുമാരേയും സൈദ്ധാന്തികരേയും ചര്‍ച്ചയുടെ ഭാഗമാക്കുമെന്നും സാധാരണക്കാരായ പൗരന്മാരുടെ അഭിപ്രായം തേടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post