ഗുവാഹത്തി: തനിമയാര്‍ന്ന ചിന്തയിലേക്ക് ഭാരതം മുന്നേറണമെന്ന് ചിന്തകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എസ്. ഗുരുമൂര്‍ത്തി. സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും ചിന്തയില്‍ ഇപ്പോഴും അടിമത്തം ബാക്കിയാണ്. അതില്‍ നിന്നുള്ള മോചനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുവാഹത്തി ശ്രീമന്ത ശങ്കരദേവ് കലാക്ഷേത്രയില്‍ പ്രാഗ്‌ജ്യോതിഷ്പുരി സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന സഭയില്‍ സംസാരിക്കുകയായിരുന്നു ഗുരുമൂര്‍ത്തി.
ഭാരതത്തിനെതിരായ ആഗോള ആഖ്യാനങ്ങള്‍ തിരുത്താന്‍ സമൂഹം സജ്ജമാകണം. രാഷ്‌ട്രപുരോഗതി വിലയിരുത്താന്‍ ഉപയോഗിച്ചിരുന്ന പാശ്ചാത്യ ചട്ടക്കൂടുകള്‍ ഉപേക്ഷിക്കുകയും സാംസ്‌കാരിക വിദ്യാഭ്യാസത്തിലൂടെ വികസനത്തിന്റെ വഴി തുറക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ആസാം വനിതാ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. മാലിനി ഗോസ്വാമി മുഖ്യാതിഥിയായ ചടങ്ങില്‍ ശങ്കരദേവ വിദ്യാഭ്യാസ ഗവേഷണ ഫൗണ്ടേഷന്‍ സംഘാടക സമിതി പ്രസിഡന്റ് ലഫ്. ജനറല്‍ (റിട്ട.) റാണ പ്രതാപ് കലിത അധ്യക്ഷത വഹിച്ചു. പ്രാഗ്‌ജ്യോതിഷപുരി സര്‍വകലാശാല വിസി പ്രൊഫ. സ്മൃതികുമാര്‍ സിന്‍ഹ, ജെ. സായ് ദീപക്, ആനന്ദ് രംഗനാഥന്‍, സഞ്ജീവ് സന്യാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാഹിത്യോത്സവം ഇന്ന് സമാപിക്കും.
Discussion about this post