പ്രയാഗ് രാജ്: മകരസംക്രമം മുതല്‍ മഹാശിവരാത്രി വരെ കുംഭമേളയുടെ പുണ്യം പൂര്‍ണമായും ഉള്‍ക്കൊള്ളാനെത്തുന്ന എല്ലാവര്‍ക്കും സൗജന്യനിരക്കില്‍ ഭക്ഷണശാലകള്‍ ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കുംഭമേളാ കാലയളവില്‍ പൂര്‍ണമായും തങ്ങുന്നവര്‍ക്കും(കല്പവാസികള്‍) അഖാഡകള്‍ക്കുമായി 138 പുതിയ റേഷന്‍കടകള്‍ തുറക്കും. 1.20 ലക്ഷം വെള്ള റേഷന്‍കാര്‍ഡുകള്‍ ഇവര്‍ക്ക് വിതരണം ചെയ്യും. അഖാഡകള്‍ക്ക് എണ്ണൂറ് പെര്‍മിറ്റുകള്‍ വിതരണം ചെയ്യും. അഞ്ച് രൂപയ്ക്ക് അരിയും പതിനെട്ട് രൂപയ്ക്ക് പഞ്ചസാരയും നല്കും. ഇതാദ്യമായാണ് മഹാകുംഭത്തില്‍ അഖാഡകള്‍ക്കും കല്പവാസികള്‍ക്കും ഇത്രയും വലിയ തോതില്‍ റേഷന്‍ സൗകര്യം നല്‍കുന്നത്.
ഇത്തവണ ഭക്തരുടെ ഭക്ഷണത്തിന് പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റേഷന്‍ നല്‍കുന്നതിന് പുറമെ ഭക്ഷണം പാകം ചെയ്യുന്നതിനും എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 25 മേഖലകളിലും ഇതിനായി ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ട്. ഈ ഏജന്‍സികള്‍ കല്പവാസികള്‍ക്കും അഖാഡകള്‍ക്കും പുതിയ ഗ്യാസ് കണക്ഷനുകള്‍ നല്‍കും. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടര്‍ സ്വന്തമായുള്ള കല്പവാസികള്‍ക്ക് ഇവിടെ നിന്ന് റീഫില്‍ ചെയ്യാം. 5 കിലോ, 14.2 കിലോ, 19 കിലോ എന്നിവയുടെ സിലിണ്ടറുകള്‍ ഇവയില്‍ നിറയ്ക്കാം.
ഭക്ഷ്യധാന്യങ്ങള്‍ക്കായി അഞ്ച് ഗോഡൗണുകളും ഒരുക്കിയിട്ടുണ്ട്. 6000 മെട്രിക് ടണ്‍ മാവും 4000 മെട്രിക് ടണ്‍ അരിയും 2000 മെട്രിക് ടണ്‍ പഞ്ചസാരയും ഗോഡൗണുകളിലുണ്ടാകും. ജനുവരി മുതല്‍ ഫെബ്രുവരി അവസാനം വരെ ഈ റേഷന്‍ സൗകര്യം ലഭ്യമാക്കും. ഇതിന് പുറമെ വണ്‍ നേഷന്‍ വണ്‍ കാര്‍ഡ് എന്ന സൗകര്യവും ലഭ്യമാകും. എല്ലാ കടകളിലും 100 ക്വിന്റല്‍ സാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
Discussion about this post