മുംബൈ: ഇടത് ഭീകരത കൊടികുത്തി വാണ ഗഡ്ചിരോളിയില്‍ എഴുപത്തഞ്ച് വര്‍ഷത്തിന് ശേഷം ബസ് സര്‍വീസ് ആരംഭിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഏഴരപ്പതിറ്റാണ്ടിന് ശേഷമാണ് ഗഡ്ചിരോളിക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിക്കുന്നത്. അതിര്‍ത്തി ജില്ലയായ ഗഡ്ചിരോളി ഇനി അവസാനത്തേതല്ല, മാവോയിസ്റ്റ് മുക്തമാകുന്ന ആദ്യ ജില്ലയാണെന്ന് ബസ് സര്‍വീസിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനം പൂര്‍ണമായും മാവോയിസ്റ്റ് ഭീകരതയില്‍ മുക്തമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കും വികസനത്തിലേക്കുമുള്ള ബസ് റൂട്ടാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗട്ട-ഗര്‍ദെവാഡ-വാംഗെതൂരി റൂട്ടിലും വിദര്‍ഭ മേഖലയില്‍ വാംഗെതൂരി-ഗര്‍ദെവാഡ-ഗട്ട-അഹേരി റൂട്ടിലുമാണ് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എംഎസ്ആര്‍ടിസി) ബസ് സര്‍വീസ് ആരംഭിച്ചത്. മഹാരാഷ്ട്രയെ നേരിട്ട് ഛത്തിസ്ഗഡുമായി ബന്ധിപ്പിക്കുന്ന റൂട്ടാണിത്.മാവോയിസ്റ്റുകള്‍ പോലീസിന് മുന്നില്‍ കീഴടങ്ങുന്നത് നിത്യസംഭവമാണ്. നിരോധിത സംഘടനകളില്‍ പുതിയ ആളുകള്‍ ചേരുന്നില്ല. മാവോയിസ്റ്റുകളുടെ സ്വാധീനം കുറയുകയാണ്, ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാവോയിസ്റ്റ് സ്വാധീനം ഇല്ലാതാക്കി ഗഡ്ചിരോളിയെ ആദ്യ ജില്ലയാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് വിമല ചന്ദ്ര സിദാം എന്ന താരക്ക ഉള്‍പ്പെടെ 11 പേര്‍ നേരത്തെ മുഖ്യമന്ത്രിക്ക് മുന്നില്‍ കീഴടങ്ങി. 1.03 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഇവര്‍ ഗഡ്ചിരോളിയില്‍ സുരക്ഷാ സൈനികരെ ആക്രമിച്ച കേസിലെ പ്രതികളാണ്. മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യ സോണല്‍ കമ്മിറ്റി അംഗമായ താരക്ക 38 വര്‍ഷമായി വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്ന ആളാണ്.
Discussion about this post