ന്യൂദല്‍ഹി: ഭാരതത്തിലെ കളിപ്പാട്ട വിപണി ദിനം പ്രതി വളര്‍ച്ചയില്‍. 2022ല്‍ രാജ്യത്തെ കളിപ്പാട്ട കയറ്റുമതി 239 ശതമാനം വര്‍ധിക്കുകയും ഇറക്കുമതി 52 ശതമാനം കുറയുകയും ചെയ്തു. 2024ല്‍ എത്തിയപ്പോള്‍ 1.72 ബില്യണ്‍ ഡോളര്‍ വില്‍പ്പനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2028ഓടെയിത് 3 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സാങ്കേതിക വിദ്യയിലെ മുന്നേറ്റം, പങ്കാളിത്തത്തിലും കയറ്റുമതിയിലുമുണ്ടായ വളര്‍ച്ച, ബ്രാന്‍ഡ് നിര്‍മാണത്തില്‍ നിക്ഷേപം എന്നിവയിലുണ്ടായ മുന്നേറ്റമാണ് വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഇത് കൂടാതെ ഈ മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലും നിര്‍ണായകമായി. നിര്‍ബന്ധിത ഗുണനിലവാര നിയന്ത്രണ ഓര്‍ഡറുകള്‍, കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കല്‍ എന്നീ നടപടികളും രാജ്യത്തെ കളിപ്പാട്ടങ്ങളുടെ കയറ്റുമതി വര്‍ധിക്കാന്‍ കാരണമായി. കൂടാതെ ഫെബ്രുവരിയിലെ ഇടക്കാല ബജറ്റില്‍ ഈ മേഖലയിലെ ആഭ്യന്തര ഉത്പ്പാദനം ഉത്തേജിപ്പിക്കുന്നതിനായി കളിപ്പാട്ടങ്ങള്‍ക്കായുള്ള പിഎല്‍എ (പ്രൊഡക്ഷന്‍ ലിങ്ക് ഇന്‍സെന്റീവ്) പദ്ധതിക്കായി 3489 കോടി രൂപ നീക്കി വയ്‌ക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം ശിപാര്‍ശയും ചെയ്തിട്ടുണ്ട്.
2014 മുതല്‍ 2020 വരെയുള്ള കാലത്താണ് രാജ്യത്തെ കളിപ്പാട്ട നിര്‍മാണ കേന്ദ്രങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഇതോടെ കളിപ്പാട്ട നിര്‍മാണത്തിന്റെ മുഖ്യ കേന്ദ്രങ്ങളായ ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും കുറഞ്ഞു. ഇക്കാലയളവില്‍ ഭാരതത്തിലെ മൊത്തം കളിപ്പാട്ട ഇറക്കുമതി 33 ശതമാനത്തില്‍നിന്ന് 12 ലേക്കെത്തി.
നിലവില്‍ ഈ വിപണിയെ മുന്‍ നിര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഭാരതത്തെക്കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. 2023ലെ കണക്ക് പ്രകാരം 9600-ലധികം കളിപ്പാട്ടനിര്‍മാണ യൂണിറ്റുകള്‍ ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ജര്‍മനിയില്‍ നടന്ന അന്താരാഷ്‌ട്ര കളിപ്പാട്ടമേളയില്‍ ഭാരതത്തിലെ നിര്‍മാതാക്കള്‍ക്ക് 84.47 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചതും ശ്രദ്ധേയമായ നേട്ടമാണ്.
Discussion about this post