വിജയവാഡ: സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാനുള്ള ദേശീയ മുന്നേറ്റത്തിന് ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍ മഹാറാലിയോടെ സമുജ്ജ്വല തുടക്കം. ക്ഷേത്രങ്ങള്‍ വെറും ആരാധനാലയങ്ങള്‍ മാത്രമല്ല. അവ നമ്മുടെ പാരമ്പര്യങ്ങളുടെയും മുല്യങ്ങളുടെയും സംരക്ഷകരാണ്. ഈ പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും മഹാറാലിക്ക് അധ്യക്ഷത വഹിച്ച ഗോവിന്ദ ദേവ് ഗിരി മഹാരാജ് പറഞ്ഞു.
അയോദ്ധ്യ ക്ഷേത്രം ശ്രീരാമക്ഷേത്ര ട്രസ്റ്റ് എത്ര കാര്യക്ഷമമായാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷേത്ര ഭരണത്തില്‍ സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് ത്രിദാന്ദി ചിന്ന ജയിര്‍ സ്വാമിജി പറഞ്ഞു. ക്ഷേത്രത്തിന്റെ പവിത്രതയെ തകര്‍ക്കുന്ന അഴിമതികളെ തുടച്ചുനീക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹൈന്ദവക്ഷേത്രങ്ങള്‍ ആസൂത്രിതമായി ചൂഷണം ചെയ്യുകയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് ദേശീയ അധ്യക്ഷന്‍ അലോക് കുമാര്‍ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, കാലഹരണപ്പെട്ട നിയമങ്ങള്‍ ക്ഷേത്രങ്ങളുടെ സ്വയംഭരണത്തെ ഇല്ലാതാക്കിയെന്ന് വിഎച്ച്പി ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദെ പറഞ്ഞു. ക്ഷേത്രവിമോചനത്തിനായി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ വിഎച്ച്പി രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
വിരാജാനന്ദ സ്വാമിജി, ഹിന്ദു ദേവാലയ പരിരക്ഷണ സമിതി സ്ഥാപകന്‍ കമലാനന്ദ ഭാരതി, വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി കോട്ടേശ്വര ശര്‍മ, ആന്ധ്രാപ്രദേശ് മുന്‍ ചീഫ് സെക്രട്ടറി എല്‍.വി. സുബ്രമണ്യം, കൊണ്ടവീട്ടി ജ്യോതിര്‍മയി ട്രസ്റ്റ് സ്ഥാപക കൊണ്ടവീട്ടി ജ്യോതിര്‍മയി അമ്മ, എഴുത്തുകാരനും ഗാനരചയിതാവുമായ അനന്ത ശ്രീരാം എന്നിവര്‍ സംസാരിച്ചു.
Discussion about this post