ബെംഗളുരു: ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യത്തില്‍ സുപ്രധാന പരീക്ഷണങ്ങളിലൊന്ന് വിജയം. സ്പേഡെക്സ് ഉപഗ്രഹങ്ങളായ ചേസര്‍ (എസ്ഡിഎക്സ്01), ടാര്‍ഗറ്റ് (എസ്ഡിഎക്സ്02) എന്നിവയെ ബഹിരാകാശത്ത് പരസ്പരം ബന്ധിപ്പിക്കുന്ന ചരിത്ര നേട്ടം കൈവരിച്ചു.
പേടകങ്ങള്‍ പരസ്പരം പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്.ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് ജനുവരി ഒമ്പതിലേക്ക് മാറ്റിവെച്ചു. എന്നാല്‍ ഉപഗ്രഹങ്ങളെ 15 മീറ്റര്‍ അകലത്തിലെത്തിക്കാനുള്ള ശ്രമം പാളിയിരുന്നു. ഇതേ തുടര്‍ന്ന് ഡോക്കിങ് പരീക്ഷണ വീണ്ടും മാറ്റിവെച്ചു. അന്നത്തെ പിഴവ് പരിഹരിച്ചാണ് ഉപഗ്രഹങ്ങളെ ബന്ധിപ്പിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചത്.2024 ഡിസംബര്‍ 30 ന് സതീഷ് ധവാന് ബഹിരാകാശ നിലയത്തില്‍ നിന്നാണ് സ്പേഡെക്സ് ദൗത്യം വിക്ഷേപിച്ചത്. ബഹിരാകാശത്ത് വെച്ച് രണ്ട് ഉപഗ്രഹ ഭാഗങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള (ഡോക്കിങ് ) സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഭാരതത്തിന്റെ ദൗത്യമാണ് സ്പേഡെക്സ്. ഗഗന്യാന്, ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ഭൂമിയിലെത്തിക്കാനുള്ള ദൗത്യം, ബഹിരാകാശ നിലയം എന്നിവ ഉള്‍പ്പടെ ഭാരതത്തിന്റെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യ ആവശ്യമാണ്.
Discussion about this post