പ്രയാഗ് രാജ്: കൊല്‍ക്കത്തയിലെ നാദിയയില്‍ നിന്ന് 45 ദിവസം മുച്ചക്രവാഹനം ചവിട്ടിയാണ് ഇരുപത്തിരണ്ടുകാരനായ രാജ്കുമാര്‍ കുംഭമേളയിലെ പുണ്യസ്‌നാനത്തിനെത്തിയത്. മൗനി അമാവാസിയില്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു രാജ്കുമാറിന്റെ സ്‌നാനം. അന്ന് വലിയ തിരക്കായിരുന്നു. എന്റെ മുച്ചക്രസൈക്കിളുമായി നീങ്ങാന്‍ പ്രയാസമായിരുന്നു. പക്ഷേ, പോലീസ് എല്ലാം കണ്ടറിഞ്ഞു ചെയ്തു. യാത്രയുടെ തുടക്കം മുതല്‍ ഞാന്‍ ആരുടെയും സഹായം തേടിയില്ല. ഇവിടെയും അത് എന്നെ തേടിയെത്തി. ഒറ്റയ്ക്കാണ്, അവശതയാണ് തുടങ്ങിയ ഒരു പരിമിതിയും കുംഭമേളയിലില്ല. എല്ലാവര്‍ക്കും എല്ലാം ഇവിടെ സാധ്യമാണ്. സര്‍ക്കാര്‍ അത്രയും സ്‌നേഹത്തോടെയാണ് തീര്‍ത്ഥാടകരെ പരിഗണിക്കുന്നത്, രാജ്കുമാര്‍ പറഞ്ഞു.
കാലുകള്‍ തളര്‍ന്നുപോയ രാജ്കുമാര്‍ ആയിരത്തിലേറെ കിലോമീറ്ററാണ് ട്രൈസൈക്കിളില്‍ പിന്നിട്ടത്. യാത്രയ്ക്ക് വീട്ടുകാര്‍ തടസമായിരുന്നു. അച്ഛന്‍ കൂലിപ്പണിക്കാരനാണ്, വീടിന്റെ സാമ്പത്തിക സ്ഥിതി നല്ലതല്ല. പക്ഷേ പ്രയാഗ വിളിക്കുമ്പോള്‍ പോകാതെ എങ്ങനെ? എല്ലാ ദിവസവും 35-40 കിലോമീറ്റര്‍ ട്രൈസൈക്കിളില്‍ യാത്ര. രാത്രി ഏതെങ്കിലും പെട്രോള്‍ പമ്പില്‍ നിര്‍ത്തും. രാവിലെ ആറിനും ഏഴിനും ഇടയില്‍ യാത്ര തുടങ്ങും. തളര്‍ന്നാല്‍ അല്‍പ്പം വിശ്രമം, വീണ്ടും യാത്ര…അച്ഛനും അമ്മയും രണ്ട് സഹോദരരുമുള്ളതാണ് രാജ്കുമാറിന്റെ കുടുംബം. വൈകല്യം കാരണം യാത്രകളില്‍ ആരും ആരും കൂട്ടാറില്ല. അതുകൊണ്ടാണ് യാത്ര ഒറ്റയ്ക്കാക്കിയതെന്ന് രാജ്കുമാര്‍ പറയുന്നു.
ഞാന്‍ ആരോടും ഒന്നും ചോദിച്ചിട്ടില്ല, കിട്ടിയത് കഴിച്ചു. കുംഭമേളയ്ക്കാണെന്നും ഒറ്റയ്ക്കാണെന്നും കേട്ടപ്പോള്‍ പലരും സഹായിച്ചു. ഭക്ഷണം തന്നു. എല്ലാവരും അപരിചിതര്‍, എന്നാല്‍ മഹാകുംഭം അവരെ എന്റെ ബന്ധുക്കളാക്കി. കൊല്‍ക്കത്തയില്‍ നിന്ന് നേരെ കാശിയിലാണ് എത്തിയത്. പിന്നെ അയോദ്ധ്യയിലും. പ്രയാഗയില്‍നിന്ന് മഥുരയിലേക്ക് പോകും. വൃന്ദാവനത്തിലും പോകും, രാജ്കുമാര്‍ പറഞ്ഞു.
Discussion about this post