ബെംഗളൂരു: ഒരു വര്‍ഷത്തെ ശതാബ്ദി പരിപാടികള്‍ക്ക് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ രൂപം നല്കുമെന്ന് പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2025 വിജയദശമി മുതല്‍ 2026 വിജയദശമി വരെ ശതാബ്ദി പരിപാടികള്‍ നടക്കും. നൂറ്റാണ്ട് പിന്നിടുന്ന സംഘയാത്രയെക്കുറിച്ച് പ്രതിനിധി സഭ പ്രമേയ രൂപത്തില്‍ വിശദമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിപുലമായ ജനസമ്പര്‍ക്കത്തിലൂടെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളിലേക്ക് സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കും.
പഞ്ചപരിവര്‍ത്തനത്തിലൂടെ (സാമാജിക സമരസത, കുടുംബ പ്രബോധനം, പരിസ്ഥിതി അവബോധം, സ്വത്വബോധം, പൗരബോധം) സമാജിക പരിവര്‍ത്തനം എന്നതാണ് ലക്ഷ്യമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.
21 മുതല്‍ 23 വരെ ചന്ദേനഹള്ളി ജനസേവാ വിദ്യാ കേന്ദ്രത്തിലാണ് പ്രതിനിധിസഭ നടക്കുന്നത്. 21ന് രാവിലെ 9ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ചേര്‍ന്ന് പ്രതിനിധിസഭ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നിലവിലുള്ള ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ സര്‍കാര്യവാഹ് അവതരിപ്പിക്കും.

ബംഗ്ലാദേശില്‍ ഹിന്ദുസമൂഹവും ഇതര ന്യൂനപക്ഷങ്ങളും നേരിടുന്ന പീഡനങ്ങളില്‍ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും പ്രതിനിധി സഭ അംഗീകരിക്കും. രാഷ്ട്രത്തിനായി ജീവിതം സമര്‍പ്പിച്ച വീര വനിത മഹാറാണി അബ്ബക്കയുടെ അഞ്ഞൂറാമത് ജയന്തി വര്‍ഷം പ്രമാണിച്ച് പ്രത്യേക പ്രസ്താവനയുണ്ടാകും.
ഈ വര്‍ഷം രാജ്യത്താകെ സംഘശിക്ഷാ വര്‍ഗ്, കാര്യകര്‍ത്താവികാസ് വര്‍ഗ് (പ്രഥമ), കാര്യകര്‍ത്താവികാസ് വര്‍ഗ് (ദ്വിതീയ) അടക്കം 95 പരിശീലന വര്‍ഗുകള്‍ നടത്തും. സംഘാദര്‍ശത്താല്‍ പ്രേരിതരായി ദേശവ്യാപകമായി പ്രവര്‍ത്തിക്കുന്ന 32 സംഘടനകളുടെ സംഘടനാ സെക്രട്ടറിമാര്‍, സഹ സംഘടനാസെക്രട്ടറിമാര്‍ എന്നിവര്‍ മൂന്ന് ദിവസത്തെ പ്രതിനിധിസഭയില്‍ പൂര്‍ണമായി പങ്കെടുക്കും. ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്‍മയ് പാണ്ഡ്യ, രാഷ്ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി, ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡ, എബിവിപി അധ്യക്ഷന്‍ രാജ് ശരണ്‍, വിഎച്ച്പി പ്രസിഡന്റ് അലോക് കുമാര്‍, വനവാസി കല്യാണ്‍ ആശ്രമം പ്രസിഡന്റ് സത്യേന്ദ്ര സിങ് തുടങ്ങിയവരും പ്രതിനിധി സഭയിലുണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍ ആര്‍എസ്എസ് ദക്ഷിണ മധ്യക്ഷേത്ര കാര്യവാഹ് എന്‍. തിപ്പസ്വാമിയും പങ്കെടുത്തു.
Discussion about this post