അയോദ്ധ്യ: അക്ഷയ തൃതീയ ദിനത്തില്‍ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തില്‍ രാമരാജസഭ തുറക്കുമെന്ന്, ഏപ്രില്‍ 30-ന് അക്ഷയതൃതീയ ദിനത്തില്‍ ശ്രീരാമദര്‍ബാര്‍ സ്ഥാപിക്കപ്പെടുമെന്ന് ക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ്. രാജസഭയുടെ നിര്‍മാണം പൂര്‍ത്തിയായി. ഏപ്രില്‍ 30ന് ആചാരപരമായ ചടങ്ങുകളോടെ അത് ഭക്തര്‍ക്ക് തുറന്നുകൊടുക്കും. ജൂണില്‍ മുഹൂര്‍ത്തം കുറിച്ച് എല്ലാ വിഗ്രഹങ്ങളും പ്രതിഷ്ഠിക്കും. മൂന്ന് ദിവസമായിരിക്കും പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടക്കുകയെന്ന് കര്‍സേവകപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
എല്ലാ വിഗ്രഹങ്ങളും തയാറായിക്കഴിഞ്ഞു. ഏപ്രില്‍ 15ന് ശേഷം വിഗ്രഹങ്ങള്‍ എത്തിക്കും. ആചാര്യ തുളസീദാസിന്റെ പ്രതിമ ഉള്‍പ്പെടെ പതിനെട്ട് വിഗ്രഹങ്ങളാണ് ജയ്പൂരില്‍ നിന്ന് കൊണ്ടുവരുന്നത്. സപ്തമണ്ഡപത്തില്‍ മഹര്‍ഷി വാല്മീകി, ഗുരു വസിഷ്ഠന്‍, വിശ്വാമിത്രന്‍, അഗസ്ത്യന്‍, നിഷാദരാജാവ്, ശബരിമാതാവ്, ദേവി അഹല്യ തുടങ്ങിയവരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post