കാണ്‍പൂര്‍: ഡോ. ബാബാസാഹേബ് അംബേഡ്കറും ഡോ. ഹെഡ്ഗേവാറും തങ്ങളുടെ ജീവിതം ഹിന്ദുസമൂഹത്തില്‍ ഐക്യവും സമത്വവും സൃഷ്ടിക്കുന്നതിനായി സമര്‍പ്പിച്ചവരാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. 1939ല്‍ മഹാരാഷ്ട്രയിലെ കരാഡ് ശാഖയില്‍ അംബേഡ്കര്‍ പങ്കെടുത്തു. അവിടെ സ്വയംസേവകരെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെങ്കിലും സംഘത്തിന്റെ പ്രവര്‍ത്തനത്തെ സ്വന്തമെന്ന ഭാവേനയാണ് കാണുന്നതെന്ന് അംബേഡ്കര്‍ പറഞ്ഞു. ഇത് ലോകമാന്യ തിലകന്‍ സ്ഥാപിച്ച കേസരിയില്‍ അന്ന് വാര്‍ത്തയായി വന്നിരുന്നു. തിലകന്‍ ജീവിച്ചിരുന്നില്ലെങ്കിലും കേസരി പ്രസിദ്ധീകരണം തുടര്‍ന്നിരുന്നു, മോഹന്‍ ഭാഗവത് പറഞ്ഞു. കാണ്‍പൂരിലെ കര്‍വാളില്‍ ഡോ. ഹെഡ്‌ഗേവാറിന്റെ പേരില്‍ നിര്‍മിച്ച ആര്‍എസ്എസ് പ്രാന്ത കാര്യാലയം കേശവഭവനും അംബേഡ്കറിന്റെ പേരിട്ട സഭാഗൃഹവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഫ്രഞ്ച് വിപ്ലവത്തില്‍ നിന്ന് കടമെടുത്തതാണെന്ന വാദങ്ങളെ ഡോ. ബാബാ സാഹേബ് അംബേഡ്കര്‍ നിരാകരിച്ചു. ഭഗവാന്‍ ബുദ്ധന്റെ ചിന്തകളിലൂടെ ഭാരതത്തിന്റെ മണ്ണില്‍ ഞാന്‍ അത് കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തോടൊപ്പം സമത്വവും നേടണമെങ്കില്‍ സാഹോദര്യം കൂടിയേ തീരൂ. സാഹോദര്യമാണ് ധര്‍മ്മം. ഭാരതം ധര്‍മ്മരാജ്യമാണ്. ബാബാസാഹേബ് ഈ ധാര്‍മികതെയെ അകമഴിഞ്ഞ് പിന്തുണച്ചു. സമൂഹത്തിന്റെ വേരുകളില്‍ നിന്ന് അസമത്വം പിഴുതെറിയുന്നതിന് സംഘം പ്രധാന തുടക്കക്കാരായെങ്കില്‍, അംബേഡ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ക്വിക്ക് സ്റ്റാര്‍ട്ടര്‍ ആയിരുന്നു. ഹിന്ദു സമൂഹത്തെ അസമത്വത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ ചെലവഴിച്ചു, മോഹന്‍ ഭാഗവത് പറഞ്ഞു.സംഘപ്രവര്‍ത്തകര്‍ക്ക് ഒരിക്കലും സാമൂഹിക അസമത്വത്തിന്റെ ഇരകളാകേണ്ടി വന്നില്ല, പക്ഷേ അവര്‍ ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും ഇരകളായിരുന്നു. പ്രയാസകരമായ സാഹചര്യങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ജി സമൂഹത്തിലെ അസമത്വം ഇല്ലാതാക്കുന്നതിനും സാഹോദര്യത്തിന്റെനൂലില്‍ അതിനെ കോര്‍ത്തിണക്കുന്നതിനും ജീവിതം സമര്‍പ്പിച്ചു. അദ്ദേഹത്തിന് വേണ്ടി ഒന്നും എടുത്തില്ല. എല്ലാം ഹിന്ദുസമൂഹത്തില്‍ ഐക്യവും സമത്വവും നിലനില്‍ക്കാനായി സമര്‍പ്പിച്ചു, സര്‍സംഘചാലക് പറഞ്ഞു.
ബാബാസാഹേബ് അംബേഡ്കറിന്റെയും ഡോക്ടര്‍ജിയുടെയും ആശയങ്ങളിലൂടെയാണ് സംഘം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തെ ശക്തവും സ്വാശ്രയവും സാംസ്‌കാരികമായി സമ്പന്നവുമായ ഒരു രാഷ്ട്രമാക്കുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. ഇത് സംഘത്തിന്റെ മാത്രം പ്രവര്‍ത്തനമല്ല, സമാജത്തിന്റെയാകെ പ്രവര്‍ത്തനമാണ്. എല്ലാവരും ഇത് ചെയ്യണം. കഴിഞ്ഞ രണ്ടായിരം വര്‍ഷത്തിനിടയില്‍ വന്നുചേര്‍ന്ന മറവി നമ്മളെ സ്വാര്‍ത്ഥതയില്‍ കുടുക്കി. അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. ഭിന്നതകളുടെ അകലം കൂടിക്കൊണ്ടിരിക്കുന്നു. നമ്മള്‍ കടമയില്‍ നിന്ന് വ്യതിചലിച്ചു. ഇത് വിദേശ ആക്രമണകാരികള്‍ മുതലെടുത്തു. അവര്‍ രാജ്യത്തെ ആക്രമിച്ചു, കൊള്ളയടിച്ചു. ഇതുമൂലം സമാജം ഒരുമിച്ച് ചെയ്തുപോന്നിരുന്ന രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനം നിലച്ചുപോയി. നമുക്ക് അത് പുനരാരംഭിക്കണം. അതിന് തുടക്കമിട്ടേ മതിയാകൂ. ഒരു സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യണമെങ്കില്‍ ആദ്യം താക്കോല്‍ തിരിക്കണം. തുടക്കത്തില്‍ സ്റ്റാര്‍ട്ടര്‍ മാത്രമേ പ്രവര്‍ത്തിക്കൂ, പിന്നീട് മുഴുവന്‍ മെഷീനും പ്രവര്‍ത്തിക്കും. അതുപോലെ ആര് തുടങ്ങിയാലും ഇത് സമൂഹത്തിന്റെയാകെ പ്രവര്‍ത്തനമാണ്.ഭാരതത്തിന്റെ പ്രശസ്തി വര്‍ധിക്കുന്നതിനനുസരിച്ച്, ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ സുരക്ഷയും അന്തസും വര്‍ധിക്കുകയാണ്. മുമ്പ് അങ്ങനെയായിരുന്നില്ല. ഹിന്ദുക്കള്‍ക്ക് സുരക്ഷിതത്വമോ ബഹുമാനമോ ഇല്ലായിരുന്നു. ഭാരതം ഉയരേണ്ടത് ഹിന്ദു സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. എല്ലാവരെയും ഈ ദിശയില്‍ ഒന്നിപ്പിക്കുക എന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തനം. എല്ലാവരുടെയും ജീവിതത്തില്‍ സത്യം, കാരുണ്യം, വിശുദ്ധി, തപസ് എന്നിവ നിറയണം, സര്‍സംഘചാലക് പറഞ്ഞു.
സനാതന്‍ ധര്‍മ്മ മണ്ഡല്‍ പ്രസിഡന്റ് വീരേന്ദ്ര ജീത് സിങ് വേദിയില്‍ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കേശവ് സ്മൃതി സമിതി പ്രസിഡന്റ് കുഞ്ജ് ബിഹാരി ഗുപ്ത, കാണ്‍പൂര്‍ പ്രാന്ത സംഘചാലക് ഭവാനി ഭീഖ് വേദിയില്‍, പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് അരവിന്ദ് മല്‍ഹോത്ര എന്നിവര്‍ സംസാരിച്ചു.





Discussion about this post