നാസിക്ക്(മഹാരാഷ്ട്ര): യുവാക്കളെ ആകര്‍ഷിക്കുന്ന സ്റ്റാന്‍ഡപ്പ് കോമഡികളില്‍ ഭാരതീയ മൂല്യബോധം പുനഃസ്ഥാപിക്കണമെന്ന് സംസ്‌കാര്‍ ഭാരതി. സാമൂഹിക അവബോധം ഉണര്‍ത്തുന്നതിനും മാനുഷിക മൂല്യങ്ങളും പാരസ്പര്യവും സംസ്‌കാരവുമെല്ലാം പരിപോഷിപ്പിക്കുന്നതിനുമുള്ള ഉപാധിയായിരുന്നു ഭാരതത്തില്‍ ഹാസ്യ നാടകങ്ങള്‍. അവയുടെ ആധുനികകാല രൂപമെന്ന നിലയില്‍ സമകാലീന വിഷയങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന സ്റ്റാന്‍ഡപ്പ് കോമഡികള്‍ക്ക് മൂല്യച്യുതി സംഭവിച്ചിരിക്കുന്നുവെന്ന് നാസിക്കില്‍ ചേര്‍ന്ന സംസ്‌കാര്‍ ഭാരതി അഖില ഭാരതീയ പ്രബന്ധ കാരിണി സഭ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
വിഷയങ്ങളെ ആഭാസവല്‍കരിച്ചാണ് നവമാധ്യമങ്ങളിലും മറ്റും ഇത്തരം ഹാസ്യപരിപാടികള്‍ അവതരിപ്പിക്കുന്നത്. വ്യംഗ്യാര്‍ത്ഥങ്ങള്‍ വരുംവിധമുള്ള സംഭാഷണങ്ങളും അഭിനയവും കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കുകയും ജാതി, മതം, വര്‍ഗം എന്തിനേറെ മനുഷ്യ കുലത്തിനെക്കൂടി അപഹസിക്കുന്ന തരത്തിലുമാണ്് ഇവയുടെ പോക്ക്. ദേശീയമൂല്യങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലേക്കും ഇവ മാറുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന മറയുണ്ടാക്കി സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയേയും ധര്‍മ്മാനുഷ്ഠാനങ്ങളെയും രാജ്യത്തെതന്നെയും അപഹസിക്കുന്ന തരത്തില്‍ ഇത്തരം വേദികള്‍ മാറുന്നു. പ്രശസ്തിയും റീച്ചും മാത്രം ലക്ഷ്യമിട്ട ഇവയുടെ വിഷയങ്ങള്‍ പരദൂഷണവും ലൈംഗികചൂഷണവും നിറഞ്ഞവയായിരിക്കുന്നു. സമൂഹത്തില്‍ യുവജനങ്ങള്‍ക്കിടയിലുള്ള സഹിഷ്ണുതയും സംവേദനക്ഷമതയും സംസ്‌കാരവും നശിക്കാന്‍ ഇത്തരം പരിപാടികള്‍ കാരണമാകുന്നുണ്ടെന്ന് പ്രബന്ധകാരിണി സഭ വിലയിരുത്തി.
നഷ്ടപ്പെട്ടുപോയ ഭാരതീയ ഹാസ്യ കലാമൂല്യങ്ങളെ പുനര്‍നവീകരിക്കുന്നതിനുള്ള ശരിയായ സമയം ഇപ്പോഴാണ്. ഹാസ്യത്തെ ഒരു സമീകൃതമായ, ചേതനയുള്ള, ഉത്തരവാദബോധമുള്ള, മാന്യമായ ഒരു മാധ്യമമായി കണ്ടുകൊണ്ട് , അതിന്റെ എല്ലാ സവിശേഷതകളോടെയും ഉയര്‍ത്തി് ഒരു പ്രധാന മാധ്യമമാക്കി അവതരിപ്പിക്കണം. ഇന്നുവരെയുള്ള എല്ലാ ആഭാസാരീതികളും തച്ചുടച്ചു പുത്തനുണര്‍വോടെ ഒരു പുതിയ ചുവടുവയ്പ്പ്, ആസ്വാദകനും അനുവാചകനും തമ്മിലുള്ള ആരോഗ്യകരമായ സംവേദനം, അതിന് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരു അവതരണം എന്നിവ ലക്ഷ്യം വയ്ക്കണം.
ഹാസ്യ കലകളുടെ ലാവണ്യവും ഗരിമയും അന്തസ്സും ചോരാതെ അവയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ സുമനസുകളായ കലാകാരന്‍മാരുടെയും കലാസ്വാദകരുടെയും ഭരണ കേന്ദ്രത്തിന്റെയും അഭ്യുദയകാംക്ഷികളൂടെയും കൂട്ടുത്തരവാദിത്തത്തോടെയുള്ള പ്രവര്‍ത്തനം വേണമെന്ന് സംസ്‌ക്കാര്‍ഭാരതി ആഹ്വാനം ചെയ്തു.
Discussion about this post