ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് ആശംസകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന് അദേഹം പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ എല്ലാവര്‍ക്കും ആശംസകള്‍.
നിയമ വിധേയമായി നിര്‍മിക്കുന്ന ക്ഷേത്രം ഇന്ത്യയുടെ സാമൂഹിക ഐക്യത്തെയും ആളുകളുടെ നിശ്ചയദാര്‍ഢ്യത്തെയും നിര്‍വചിക്കുന്നു. ഇത് രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ക്ക് സാക്ഷ്യവും ആധുനിക ഇന്ത്യയുടെ പ്രതീകവുമാകുമെന്നും രാഷ്ട്രപതി പറഞ്ഞു.
രാമക്ഷേത്രം യാഥാര്‍ഥ്യമാകുന്നതോടെ അയോധ്യയില്‍ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാമക്ഷേത്രം ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ഭക്തിയുടെയും ദേശീയ വികാരത്തിന്റെയും പ്രതീകമായിരിക്കും. ലോകമെമ്പാടും ഇന്ന് ‘ജയ് സീതാറാം’ വിളികള്‍ മുഴങ്ങുകയാണെന്നും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമിട്ടിരിക്കുന്നതെന്നും മോദി. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് ശേഷം ഭക്തരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അത് ഐതിഹാസിക നിമിഷമാണ്.
അയോധ്യയില്‍ രാമക്ഷേത്രത്തിനായി നടന്നത് സ്വാതന്ത്ര്യസമരത്തിന് തുല്യമായ പോരാട്ടമായിരുന്നു. ജയ് ശ്രീരാം ജയഘോഷങ്ങള്‍ ഭക്തരോട് ഏറ്റുവിളിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്രകാലം വെറുമൊരു കൂടാരത്തില്‍ കഴിഞ്ഞിരുന്ന രാം ലല്ലയ്ക്ക് വേണ്ടി നാം ഒരു വലിയ ക്ഷേത്രം നിര്‍മിക്കാന്‍ പോവുകയാണ്. ഇന്ന് രാമ ജന്മഭൂമി നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്നിരുന്ന തകര്‍ക്കുക, വീണ്ടും നിര്‍മിക്കുക എന്ന ആവര്‍ത്തനത്തില്‍ നിന്ന് മുക്തമാകുകയാണെന്നും അദേഹം പറഞ്ഞു.
Discussion about this post