ന്യൂദല്‍ഹി: ഇഎസ്ഐ, ഇപിഎഫ് പരിധി വര്‍ദ്ധിപ്പിക്കുക, മിനിമം പെന്‍ഷന്‍ തുക ആയിരം രൂപയില്‍ നിന്ന് ഉയര്‍ത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെയുടെ നേതൃത്വത്തിലുള്ള ബിഎംഎസ് പ്രതിനിധി സംഘം കേന്ദ്ര തൊഴില്‍മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള നിവേദനവും സംഘം മന്ത്രിക്ക് സമര്‍പ്പിച്ചു.
ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് എത്രയും വേഗം വിളിച്ചുകൂട്ടണമെന്ന് ബിഎംഎസ് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇപിഎഫ്, ഇഎസ്ഐ പരിധി വര്‍ദ്ധിപ്പിക്കുക, ബോണസ് കണക്കുകൂട്ടല്‍ പരിധി വര്‍ധിപ്പിക്കുക, ഗ്രാറ്റുവിറ്റി അവകാശ പരിധി 15 ദിവസത്തില്‍ നിന്ന് 30 ദിവസമായി ഉയര്‍ത്തുക, മിനിമം പെന്‍ഷന്‍ തുക ആയിരം രൂപയില്‍ നിന്ന് ഗണ്യമായി വര്‍ധിപ്പിക്കുക, എല്ലാ സ്‌കീം തൊഴിലാളികളുടെയും ഓണറേറിയവും ഇന്‍സെന്റീവുകളും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകളിലെ വിവിധ കരാര്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളും ബിഎംഎസ് സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഏതൊരു സ്ഥാപനത്തിലും തൊഴിലുടമ നിയമിക്കുന്ന സ്ഥിരം തൊഴിലാളിക്ക് തുല്യമായ വേതനം കരാര്‍ തൊഴിലാളിക്കും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടി വേണം. നിയമങ്ങള്‍ ലംഘിക്കുന്ന, കരാര്‍ തൊഴിലാളികളെ ഉപദ്രവിക്കുന്ന, ചൂഷണം ചെയ്യുന്ന കരാറുകാര്‍ക്കും കരാര്‍ ഏജന്‍സികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
ഐഒസിഎല്‍, സ്വകാര്യ ടെലികോം, സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍, ഇഎസ്ഐസി, എയര്‍ ഇന്ത്യ എക്സ്പ്രസ്, കൂടംകുളം ആണവനിലയം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംഘം വിശദീകരിച്ചു. സ്വകാര്യ മേഖലയിലെ എല്ലാ ഡ്രൈവര്‍മാര്‍ക്കുമായി ഒരു ക്ഷേമ ബോര്‍ഡ് രൂപീകരിക്കണമെന്നും ബിഎംഎസ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ബിഎംഎസ് ഉന്നയിച്ച ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നും എത്രയും വേഗം നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി. റീജിയണല്‍ റൂറല്‍ ബാങ്കുകളിലെ (ആര്‍ആര്‍ബി) ഐപിഒ സംബന്ധിച്ച പ്രശ്നം മുഖ്യതൊഴില്‍ കമ്മീഷണറുടെ (സെന്‍ട്രല്‍) മുമ്പാകെ നിലനില്‍ക്കുന്നതിനാല്‍, ഈ പ്രശ്നം പരിഹരിക്കുന്നതിന് ധനകാര്യ മന്ത്രിയുമായി സംസാരിക്കുമെന്ന് മന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുരേന്ദ്ര കുമാര്‍ പാണ്ഡെ, സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍, ദേശീയ സെക്രട്ടറിമാരായ ഗിരീഷ് ആര്യ, രാംനാഥ് ഗണേശെ, ക്ഷേത്രീയ സംഘടനാ സെക്രട്ടറി അനുപം എന്നിവരും പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുന്നു.
















Discussion about this post