ഹിസാര്‍(ഹരിയാന): വ്യക്തിനിര്‍മാണത്തിലൂടെ രാഷ്ട്രനിര്‍മാണത്തിലേക്കുള്ള യാത്രയാണ് സംഘപ്രവര്‍ത്തനമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍. ഇനിയും എത്തിച്ചേരാത്തിടങ്ങളിലേക്കെത്തി മുഴുവന്‍ സമൂഹത്തെയും ഒരുമിച്ചുചേര്‍ക്കുക എന്നതാണ് ശതാബ്ദികാലത്തെ സംഘപ്രവര്‍ത്തനം. സംഘത്തിന് ശതാബ്ദി ആഘോഷമല്ല, ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള തയാറെടുപ്പാണ്, അദ്ദേഹം പറഞ്ഞു. ഹിസാറിലെ പഞ്ചാബി ഭവനില്‍ ചേര്‍ന്ന പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.
ഒരുകാലത്ത് ലോകത്ത് പരമോന്നതസ്ഥാനത്തായിരുന്നിട്ടും ഭാരതീയ സംസ്‌കൃതി ആയിരം വര്‍ഷത്തെ പോരാട്ടത്തെ നേരിടേണ്ടിവന്നു. ഇതെന്തുകൊണ്ടെന്ന് അന്വേഷണത്തില്‍ സംഘസ്ഥാപകന്‍ ഡോ. ഹെഡ്ഗേവാര്‍ സമൂഹത്തില്‍ അടിസ്ഥാനപരമായ നാല് ബലഹീനതകള്‍ നിലനില്‍ക്കുന്നതായി തിരിച്ചറിഞ്ഞു.
ഒന്നാമതായി, നമ്മളെല്ലാം വ്യക്തിപരമായ നല്ല സ്വഭാവമുള്ളവരായിരുന്നെങ്കിലും ദേശീയത എന്ന ആശയം ദുര്‍ബലമായിരുന്നു. ‘ഭാരതമാതാവിന്റെ മക്കള്‍’ എന്ന് അറിയുമായിരുന്നിട്ടും അധിനിവേശകാലത്ത്, ഒരൊറ്റ മനോഭാവത്തോടെ പോരാടാതെ നമ്മള്‍ നാട്ടുരാജ്യങ്ങളായി തമ്മില്‍ പോരടിച്ചു.

രണ്ടാമതായി, നമ്മുടെ ഉള്ളില്‍ ദേശസ്നേഹത്തിന്റെ അഭാവമുണ്ടായിരുന്നു. പോരാട്ടങ്ങളില്‍ നമ്മള്‍ തോറ്റത് പലപ്പോഴും ഉള്ളില്‍നിന്നുള്ള ചതി മൂലമായിരുന്നു. ഡോ. ഹെഡ്ഗേവാര്‍ ‘രാഷ്ട്രം ആദ്യം’ എന്ന ആശയം അവതരിപ്പിച്ചുകൊണ്ട് ദേശഭക്തി വെറും മുദ്രാവാക്യമല്ല, ആജീവനാന്ത സംസ്‌കാരമാണെന്ന് ഉത്‌ബോധിപ്പിക്കുകയും ചെയ്തു.
മൂന്നാമത്തെ ബലഹീനത അച്ചടക്കത്തിന്റെയും സംഘാടനത്തിന്റെയും അഭാവമായിരുന്നു. വേദങ്ങളില്‍ പ്രതിഷ്ഠിതമായ ഒരു വികാരം, ഒരേ സ്വരം, ഒരേ ലക്ഷ്യം എന്ന ദേശീയ ചൈതന്യം സമൂഹം കൈമോശം വന്നു. അത് ആത്മാഭിമാനമില്ലാതാക്കി. വിധേയത്വം വളരാന്‍ കാരണമായി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും മറ്റുള്ളവരുടെ ഭാഷയും സംസ്‌കാരവും ആണ് അന്തസെന്ന് നമ്മളില്‍ പലരും ധരിച്ചു.

നാലാമതായി വ്യക്തിത്വമില്ലാതായ, സ്വയം ആരെന്ന് തിരിച്ചറിവില്ലാതെ പോയ സമൂഹം. ഈ നാല് ബലഹീനതകളുടെ ആത്യന്തിക പരിഹാരമായാണ് ഡോക്ടര്‍ജി സംഘത്തെ സ്ഥാപിച്ചത്, ശാഖയിലൂടെ വ്യക്തിത്വ വികസനത്തിന് അടിത്തറയിട്ടത്. എന്നാല്‍ സംഘപാത എളുപ്പമായിരുന്നില്ല. അത് വളര്‍ന്നത് പരിഹാസവും അവഗണനയും എതിര്‍പ്പും നേരിട്ടാണ്. സംഘം ആരെയും അതിന്റെ എതിരാളികളായി കണക്കാക്കുന്നില്ല, അതുകൊണ്ടാണ് എതിരാളികള്‍ പോലും ഒപ്പം ചേര്‍ന്നതാണ് സംഘത്തിന്റെ പാരമ്പര്യം. എന്റെ പ്രതിജ്ഞ നിറവേറ്റാന്‍ ഏതെങ്കിലും സംഘടനയ്ക്ക് കഴിയുമെങ്കില്‍ അത് സംഘത്തിനായിരിക്കും എന്ന് ഒരിക്കല്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ജയപ്രകാശ് നാരായണന്‍ പ്രഖ്യാപിച്ചത് അതിന് തെളിവാണ്, അരുണ്‍കുമാര്‍ പറഞ്ഞു.
ചെയ്യുന്ന ഒരുകാര്യത്തിന്റെയും അവകാശവാദം സംഘത്തിനില്ല. ഓരോ പൗരനും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍, ആരോഗ്യം, മൂല്യങ്ങള്‍ എന്നിവ ലഭിക്കണമെന്ന് സംഘം ആഗ്രഹിക്കുന്നു. സമൂഹത്തില്‍ എവിടെയൊക്കെ കുറവുണ്ടോ അവിടെയെല്ലാം ഇതേ മനോഭാവത്തോടെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഈ സ്വഭാവം സമാജത്തിലുടനീളം വ്യാപകമാകാനാണ് പഞ്ച പരിവര്‍ത്തനം മുന്നോട്ടുവച്ചത്. മാറ്റം ചര്‍ച്ചകളിലൂടെയല്ല, പെരുമാറ്റത്തിലൂടെയേ സംഭവിക്കൂ, സഹസര്‍കാര്യവാഹ് പറഞ്ഞു.
പരിപാടിയില്‍ കേണല്‍ ദേവേന്ദ്ര ഗുഹാനി മുഖ്യാതിഥിയായി.
















Discussion about this post