ശ്രീനഗര്‍(ജമ്മു കശ്മീര്‍): മൂന്നരപ്പതിറ്റാണ്ടിന് ശേഷം രാമനവമി നിറവില്‍ വിതസ്താ നദീതിരം. ചൈത്ര നവരാത്രിയുടെയും ശ്രീരാമനവമിയുടെയും ശുഭവേളയില്‍ പുരാതനമായ ശ്രീരഘുനാഥ ക്ഷേത്രത്തില്‍ വേദമന്ത്രങ്ങള്‍ മുഴങ്ങി. പതിനായിരങ്ങളാണ് ചടങ്ങുകളില്‍ പങ്കുകൊള്ളാന്‍ വിതസ്താ നദീതീരത്ത് എത്തുന്നത്. 37 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് രഘുനാഥ ക്ഷേത്രം ഇത്ര വിപുലമായ ആഘോഷത്തിന് വേദിയാകുന്നത്.
1990കളില്‍ ഇസ്ലാമിക ഭീകരരുടെ ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ക്കപ്പെട്ട ക്ഷേത്രമാണ് കശ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം പുനരുജ്ജീവിപ്പിച്ചത്. അക്രമികള്‍ ക്ഷേത്ര സമുച്ചയത്തിനുള്ളിലെ വിദ്യാശാലയും ധര്‍മ്മശാലയും കത്തിക്കുകയും സ്വര്‍ണ്ണം, വെള്ളിയടക്കമുള്ള നിധിശേഖരം മോഷ്ടിക്കുകയും വിഗ്രഹം വിതസ്തയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. മുമ്പ് ഭീകരരെ ഭയന്ന് പകല്‍ പോലും ആളുകളെ വിലക്കിയിരുന്ന ഇവിടെ ഇപ്പോള്‍ എല്ലാ സായാഹ്നങ്ങളും ഭജനഗീതികള് കൊണ്ട് മുഖരിതമാണ്.
1835ല്‍ മഹാരാജ ഗുലാബ് സിങ്് നിര്‍മ്മാണം ആരംഭിച്ച് 1860ല്‍ മഹാരാജ രണ്‍ബീര്‍ സിങ് പൂര്‍ത്തിയാക്കിയതാണ് ശ്രീരഘുനാഥക്ഷേത്രം. ദസറ, രാമനവമി തുടങ്ങിയ ഉത്സവങ്ങളാണ് ഇവിടെ പ്രധാനം. 2019 ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം, സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി, പുനരുദ്ധാരണത്തിനായി 60 ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെയും ടൂറിസം വകുപ്പിന്റെയും മേല്‍നോട്ടത്തിലാണ് ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
















Discussion about this post