ന്യൂദല്‍ഹി: മുസ്ലീം സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന ആവശ്യവുമായി മുസ്ലീം രാഷ്ട്രീയ മഞ്ച് (എംആര്‍എം) രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കും. വിവാഹത്തിന്‍റെ കുറഞ്ഞ പ്രായം സംബന്ധിച്ച് നിയമം കൊണ്ടുവരണമെന്ന് എംആര്‍എം ആവശ്യപ്പെട്ടു. മുത്തലാഖ്, ഹലാല്‍ല, ബഹുഭാര്യത്വം, ഹിജാബ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം തുടങ്ങിയതിന്‍റെ ദൂഷ്യഫലങ്ങളെ കുറിച്ച് രാജ്യത്തെ മുസ്ലീം സമൂഹം ബോധവാന്മാരാണെന്നും ഇക്കാര്യങ്ങളില്‍ രാജ്യവ്യാപകമായി ചര്‍ച്ച വേണമെന്നും മഞ്ച് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റിന്‍റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ‘ശൈശവ വിവാഹ നിരോധന (ഭേദഗതി) ബില്‍, 2021’ അവതരിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. സ്ത്രീകളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്താനാണ് ബില്‍ ലക്ഷ്യമിടുന്നത്. ബില്‍ ഇപ്പോള്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയിലാണ്. ഇത് രാജ്യമൊട്ടാകെ നടപ്പാക്കണമെന്നാണ് മുസ്ലീം രാഷ്ട്രീയ മഞ്ചിന്‍റെ ആവശ്യം.
ഗാസിയാബാദ്, മീററ്റ്, മുസാഫര്‍നഗര്‍, അംരോഹ, രാംപൂര്‍, ദേവ്ബന്ദ്, ബറേലി, ബിജ്നോര്‍, ഷാജഹാന്‍പൂര്‍, സംഭാല്‍, ബഹ്റൈച്ച്, കൈരാന, അലിഗഡ്, ആഗ്ര, കാണ്‍പൂര്‍, ലഖ്നൗ, ഫൈസാബാദ്, സഹരന്‍പൂര്‍, അസ്ഗറഖ്പൂര്‍, ഗോരഖ്പൂര്‍, ഗോരഖ്പൂര്‍ എന്നീ ജില്ലകളില്‍ ഈ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള ബോധവത്കരണ സന്ദര്‍ശനങ്ങള്‍ക്ക് എംആര്‍എം തുടക്കം കുറിച്ചിട്ടുണ്ട്.
മുസ്ലീം സമൂഹത്തിന്‍റെ ഉന്നമനത്തിനായി രാജ്യത്തുടനീളം ഇത്തരം ബോധവല്‍ക്കരണ കാമ്പെയ്നുകളും ബഹുജന പ്രസ്ഥാനങ്ങളും ആരംഭിക്കുകയാണ് ലക്ഷ്യം. മഞ്ചിന്‍റെ വിവിധ സെല്ലുകള്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിച്ച് പരിഷ്‌കരണ പദ്ധതി തയ്യാറാക്കും. ഈ പദ്ധതികള്‍ രാജ്യത്തുടനീളം തുടര്‍ച്ചയായി നടപ്പാക്കും. ഇതിനായി മുഫ്തിമാര്‍, മൗലാനമാര്‍, ഇമാമുമാര്‍, ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥിനികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായും ചര്‍ച്ച നടത്തും.
Discussion about this post