ന്യൂദല്‍ഹി: മമതാ ബാനര്‍ജിയുടെ വിശ്വസ്തനും മുന്‍ ചീഫ് സെക്രട്ടറിയുമായ ആലപന്‍ ബന്ദോപാധ്യായയ്‌ക്കെതിരായ കേസ് ദല്‍ഹിയില്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് തന്നെ പരിഗണിക്കും. കേസ് സിഎടിയുടെ കൊല്‍ക്കത്ത ബ്രാഞ്ചില്‍ നിന്ന് ദല്‍ഹിയിലേക്ക് മാറ്റിയ ഉത്തരവിനെതിരായ ആലാപന്‍ നല്കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി റദ്ദാക്കി. വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലിന്‍റെയും ജസ്റ്റിസ് ജ്യോതി സിങ്ങിന്‍റെയും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ആലാപന്‍ ബന്ദോപാധ്യായ പശ്ചിമ ബംഗാള്‍ കേഡറിലെ ഉദ്യോഗസ്ഥനാണെന്നും അതുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ സൗകര്യത്തേക്കാള്‍ ഉദ്യോഗസ്ഥന്‍റെ സൗകര്യമാണ് പരിഗണിക്കേണ്ടതെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.
യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ 2021 മെയ് 28ന് ചേര്‍ന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രിയോട് അനാദരവ് കാണിക്കുകയും ചുമതലകളില്‍ വീഴ്ച വരുത്തുകയും ചെയ്തതിനെതിരെയാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗാള്‍ സന്ദര്‍ശനവേളയിലായിരുന്നു യോഗം. മുഖ്യമന്ത്രി മമതാബാനര്‍ജിയും ചീഫ് സെക്രട്ടറിയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
ദേശീയ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം മുന്‍ ചീഫ് സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു, അതിന് 2021 ജൂണ്‍ 3-ന് അദ്ദേഹം മറുപടി നല്‍കി. മറുപടി തൃപ്തികരമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖപ്പെടുത്തിയിരുന്നു.
Discussion about this post