അഹമ്മദാബാദ്: സംഘടനാ ശക്തി വിപുലീകരിക്കുക മാത്രമല്ല സമാജത്തെ ശക്തിപ്പെടുത്തലും ആര്‍എസ്എസ്സിന്റെ ലക്ഷ്യമെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ആര്‍എസ്എസ് ശതാബ്ദിയായ 2025 മുന്നില്‍ കണ്ടുള്ള വിശാല കാര്യപരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ അഖിലഭാരതീയ പ്രതിനിധിസഭ സമാപന ദിവസം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവനും സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കും. ശാഖയിലെ സംഖ്യ മാത്രമല്ല, സമാജത്തില്‍ സംഘസ്വാധീനം വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം വെയ്ക്കുന്നത്. സംഘടനാ ശക്തി മാത്രമല്ല സമാജ ശക്തികൂടി ഉറപ്പാക്കേണ്ടതുണ്ട്. ഓരോ ശാഖയും സമാജത്തെ ശക്തിപ്പെടുത്താനുള്ളതാണ്. സംഘടിത ബോധവും ദേശീയതയും എല്ലായിടത്തും എത്തേണ്ടതുണ്ട്.
ജോയിന്‍ ആര്‍എസ്എസ് എന്ന പ്ലാറ്റ്ഫോം കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. നിരവധി ആളുകളാണ് സംഘത്തെ അറിയാന്‍ ഈ വെബ്സൈറ്റില്‍ സന്ദര്‍ശനം നടത്തിയത്. ഗ്രാമവികാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷി, ഗോസംരക്ഷണം, വിദ്യാഭ്യാസം അടക്കം ഗ്രാമത്തിന്റെ സ്വാശ്രയത്വം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. മനപ്പൂര്‍വ്വമുള്ള ശ്രമങ്ങളുടെ ഭാഗമായും അജ്ഞത മൂലവും വിദേശങ്ങളില്‍ ഭാരതത്തിനെതിരായ പ്രചാരണം കാലങ്ങളായി നടക്കുന്നുണ്ട്. ഇത്തരം മിഥ്യകളെ തകര്‍ക്കുന്നതിനായി നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രാജ്യാന്തര തലത്തില്‍ വരും വര്‍ഷങ്ങളില്‍ രചിക്കും. പ്രഭാവിത ഭാരതം എന്ന സങ്കല്‍പ്പത്തില്‍ അടിസ്ഥാനമാക്കി സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായ അമൃത മഹോത്സവ പരിപാടികള്‍ രാജ്യം മുഴുവന്‍ സംഘടിപ്പിക്കും, ഹൊസബാളെ പറഞ്ഞു.
ഭാരതത്തിന്റെ സാമ്പത്തിക മാതൃക തൊഴില്‍ സൗഹൃദവും പരിസ്ഥിതി അനുകൂലവും ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കുന്നതുമാവണമെന്നും സര്‍കാര്യവാഹ് നിര്‍ദേശിച്ചു. . സ്വദേശീ സ്വാവലംബ മാതൃകയാവണം നാം മുന്നോട്ട് വെയ്ക്കേണ്ടത്. സാംസ്‌ക്കാരികവും സമ്പന്നവുമായ രാഷ്ട്രമായി ഭാരതം മാറണം. യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ക്കനുസൃതമായ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. സമാജവും ഇതിനായി പ്രവര്‍ത്തിക്കണം. ഭാരതത്തെ സ്വയംപര്യാപ്തമാക്കിത്തീര്‍ക്കാന്‍ തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന പ്രമേയം അഖിലഭാരതീയ പ്രതിനിധി സഭ പാസാക്കിയതായും സര്‍കാര്യവാഹ് അറിയിച്ചു.
Discussion about this post