ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരികോത്സവത്തിന് ചെങ്കോട്ടയില്‍ 25ന് തുടക്കമാകും. ഭാരതസ്വാതന്ത്ര്യത്തിന്റെ അമൃതോത്സവക്കാഴ്ചകളെ അണിനിരത്തിയാണ് 25 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നീളുന്ന ഭാരത് ഭാഗ്യ വിധാത മഹോത്സവം നടക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ നിര്‍മ്മിതിയായ ചെങ്കോട്ട മുതല്‍ അകവും പുറവും രാജ്യത്തിന്റെ പൗരാണികവും സാഹസികവും ധീരവുമായ ചരിത്രങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതാകും ചെങ്കോട്ട ഫെസ്റ്റിവല്‍.
സമ്പന്നമായ ചരിത്രം കല, പൈതൃകം, സംസ്‌കാരം, പാചകരീതികള്‍ തുടങ്ങി രാജ്യത്തിന്റെ വൈവിധ്യങ്ങളിലെ മനോഹാരിതയാകെ അവതരിപ്പിക്കുന്ന പരിപാടികള്‍ക്കാണ് സാംസ്‌കാരികമന്ത്രാലയം വേദിയൊരുക്കുന്നത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും ചെങ്കോട്ടയുടെ പരിപാലകരായ ഡാല്‍മിയ ഭാരത് ലിമിറ്റഡും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ അമരമായ ഊര്‍ജ്ജം നാടെങ്ങും പകരുകയാണ് അമൃതോത്സവത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വാതന്ത്ര്യസമര നായകരുടെ പ്രചോദനത്തിന്റെ അമൃത്, പുതിയ ആശയങ്ങളുടെയും പ്രതിജ്ഞകളുടെയും അമൃത്, ആത്മനിര്‍ഭരതയുടെ അമൃത്…. ആ അമൃതപ്രവാഹമാണ് സാംസ്‌കാരികോത്സവത്തിന്റെ പ്രേരണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശത്തില്‍ പറഞ്ഞു.
ഭാരത് ഭാഗ്യ വിധാത മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മഹോത്സവമാകുമെന്ന് ഡാല്‍മിയ ഭാരത് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ പുനീത് ഡാല്‍മിയ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയും പുരാതന മഹത്വവും പ്രകടമാക്കുന്ന ഉത്സവമാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ചെങ്കോട്ടയുടെ പുറംചുവരുകളില്‍ ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചുള്ള പ്രൊജക്ഷന്‍ മാപ്പിംഗ് ഷോ ഉണ്ടാകും. വര്‍ഷങ്ങളായി രാജ്യം കൈവരിച്ച നേട്ടങ്ങളുടെ പ്രദര്‍ശനം; രാജ്യത്തിന്റെ കലയുടെയും കരകൗശലത്തിന്റെയും മഹത്വം ഉള്‍ക്കൊള്ളുന്ന നിരവധി സാംസ്‌കാരിക പരിപാടികള്‍, പ്രാദേശിക പാചകരീതികളുടെ പ്രദര്‍ശനം, സംഗീത നൃത്ത പരിപാടികള്‍ തുടങ്ങിയവ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമാണ്.
Discussion about this post