ന്യൂദല്‍ഹി: മാനവികമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി. അത് ഏതെങ്കിലും മതത്തിനെതിരോ ഏതെങ്കിലും മതത്തിന്റേതോ അല്ല. മനുഷ്യസമൂഹത്തിന്‍റെ സമാധാനപരമായ സഹവര്‍ത്തിത്വത്തിലാണ് അതിന്‍റെ പ്രവര്‍ത്തനമെന്ന് അദ്ദേഹം ഓര്‍ഗനൈസര്‍ വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘സംഘത്തെക്കുറിച്ച് ഇന്ത്യയിലെത്തും മുമ്പ് ഞാന്‍ ധാരാളം കേട്ടിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന ചില പദ്ധതികള്‍ കാണുകയും മനസ്സിലാക്കുകയും ചെയ്തു. അതെന്നില്‍ ഏറെ മതിപ്പുളവാക്കി. അങ്ങനെയാണ് ആര്‍എസ്എസിനെ അടുത്തറിയാന്‍ ഞാന്‍ ആഗ്രഹിച്ചത്. ദേശിയതയിലടിയുറച്ച, രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘടനയാണതെന്ന കൃത്യമായ ബോധ്യത്തിലാണ ഞാന്‍ നാഗ്പൂരില്‍ സംഘത്തിന്‍റെ വിജയദശമി പരിപാടിയില്‍ സംബന്ധിച്ചത്’, ശോഷാനി പറഞ്ഞു.
ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന നിരവധി പദ്ധതികളില്‍ പങ്കാളികാളാകാന്‍ ഇസ്രയേല്‍ സന്നദ്ധമാണ്. മേയ്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ ഏറെ ആകര്‍ഷകമാണ്. മുപ്പത് വര്‍ഷം പിന്നിടുന്ന ബന്ധമാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ളത്. ഇസ്രയേലിനെ ലോകം അംഗീകരിക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമാണ്. അമേരിക്ക ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമെന്ന നിലയില്‍ അംഗീകരിച്ചുകഴിഞ്ഞു. ഇന്ത്യയും ആ വഴി പിന്തുടരുമെന്നാണ് ഇസ്രയേല്‍ ജനത ആഗ്രഹിക്കുന്നത്.
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധമല്ല ഇസ്രയേലും ഇന്ത്യയും തമ്മിലുള്ളത്, അതിനുമപ്പുറം ഏറെ വൈകാരികമായ തലം അതിനുണ്ട്. ഇസ്രയേലികള്‍ അപരിചിതരായല്ല ഈ നാട്ടിലേക്ക് എത്തുന്നത്. എല്ലാ മേഖലയിലും ഇന്ത്യയുമായി യോജിച്ച് മുന്നേറാനാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള ചില സിനിമാ നിര്‍മ്മാതാക്കള്‍ ഇസ്രയേലുമായി സംയുക്ത ചലച്ചിത്ര സംരഭത്തിന് പരിശ്രമിക്കുന്നത്. ഏറെ സന്തോഷകരമാണത്. നമ്മുടെ രണ്ട് രാജ്യങ്ങളുടെയും പ്രകൃതി അത്രയ്ക്ക് സുന്ദരമാണ്, ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
സൈബര്‍ സുരക്ഷയുടെ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ കാര്യമല്ല. ഇതിനുമുമ്പും സാങ്കേതികവിദ്യയുടെ കൈമാറ്റം നടന്നിട്ടുണ്ട്. ഇന്ത്യ ഒരു ഐടി പവര്‍ഹൗസാണ്. ഇസ്രയേല്‍ ഒരു ആഗോള സൈബര്‍ ഹബ്ബുമാണ്. പൂനെയില്‍ സൈബര്‍സാങ്കേതികവിദ്യയുടെ മികവിന്‍റെ കേന്ദ്രം നിര്‍മ്മിക്കുന്നത് ഇസ്രയേലിന്‍റെ സഹകരണത്തോടെയാണ്. ഇത്തരം ബന്ധങ്ങള്‍ തികച്ചും സ്വാഭാവികമാണെന്ന് കോബി ശോഷാനി ചൂണ്ടിക്കാട്ടി.
Discussion about this post