ന്യൂദല്‍ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 16 യൂട്യൂബ് ചാനലുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് 16 യൂട്യൂബ് ചാനലുകള്‍ കൂടി നിരോധിച്ച് കേന്ദ്രവാര്‍ത്താവിതരണമന്ത്രാലയം വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്.
2021ലെ ഐടി നിയമപ്രകാരം അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് നടപടി.10 ഇന്ത്യന്‍ ചാനലുകളും ആറ് പാകിസ്ഥാന്‍ അധിഷ്ഠിത ചാനലുകളുമാണ് ബ്ലോക്ക് ചെയ്തത്. ഈ നിരോധിക്കപ്പെട്ട യൂട്യൂബ് അടിസ്ഥിത വാര്‍ത്താചാനലുകള്‍ക്ക് എല്ലാം ചേര്‍ത്ത് 68 കോടി കാഴ്ചക്കാരുണ്ടായിരുന്നുവെന്ന് കേന്ദ്രവാര്‍ത്താ വിതരണമന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ വിവരങ്ങളും, പരിശോധന നടത്താതെ വിവരങ്ങള്‍ പുറത്തുവിട്ടതിനും, വര്‍ഗീയവിദ്വേഷണം പടര്‍ത്തുന്ന തരത്തില്‍ വ്യാജ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനുമാണ് നടപടി. ഇത്തരം ഉള്ളടക്കം പ്രചരിപ്പിച്ച ഒരു ഫേസ്ബുക്ക് അക്കൗണ്ടും നീക്കം ചെയ്തിട്ടുണ്ട്.
വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 78 യൂട്യൂബ് ചാനലുകള്‍ ഇതേ വരെ നിരോധിച്ചിട്ടുണ്ട്. ഏപ്രില്‍ അഞ്ചാം തീയതി 22 യൂട്യൂബ് ചാനലുകളാണ് ഇതിന് മുന്‍പ് വിലക്കിയത്.
Discussion about this post