ന്യൂദല്‍ഹി: അമൃതോത്സവത്തിൻ്റെ ഭാഗമായി ബീഹാറില്‍ ബിജെപി സംഘടിപ്പിച്ച വീര കുന്‍വര്‍സിങ് വിജയോത്സവ് ഗിന്നസ്ബുക്കില്‍. ബാബുവീര്‍ കുന്‍വര്‍സിങ്ങിൻ്റെ നേതൃത്വത്തില്‍ ജഗദീഷ്പൂര്‍ കോട്ടയില്‍ നിന്ന് ബ്രിട്ടീഷുകാരെ തുരത്തിയഏപ്രില്‍ 23ൻ്റെ വിജയദിനത്തിൻ്റെ ഓര്‍മ്മ പുതുക്കാനാണ് ഒരേസമയം ഏറ്റവും കൂടുതല്‍ ദേശീയ പതാക വീശി ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ 78,220 ദേശീയപതാകകളാണ് തുടര്‍ച്ചയായി പാറിപ്പറന്നത്.
ബീഹാറിലെ ഭോജ്പൂരില്‍ ദുലോര്‍ മൈതാനത്ത് നടന്ന പരിപാടിയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയതായി സാംസ്‌കാരിക മന്ത്രാലയമാണ് അറിയിച്ചത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിൻ്റെ പ്രതിനിധികളും പരിപാടിക്ക് സാക്ഷ്യം വഹിച്ചിരുന്നു.
പതിനെട്ടു വര്‍ഷം മുമ്പ് പാകിസ്ഥാനിലെ ലാഹോറില്‍ 56,000 പാകിസ്ഥാനികള്‍ ദേശീയ പതാക വീശി ഗിന്നസ് ബുക്കിലിടം നേടിയിരുന്നു. ബിജെപി ബീഹാര്‍ഘടകം മറി കടന്നത് ഈ റിക്കോര്‍ഡാണ്.
ബ്രിട്ടീഷുകാര്‍ക്കെതിരെ 1857ല്‍ നടന്ന ആദ്യത്തെ സംഘടിത സായുധസമരത്തിന്റെ നായകരില്‍ പ്രധാനിയായിരുന്നു കുന്‍വര്‍സിങ്ങെന്നും അദ്ദേഹത്തിന് ഉചിതമായ സ്മാരകം ജഗദീഷ്പൂര്‍ കോട്ടയില്‍ നിര്‍മ്മിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചു. 1858 ഏപ്രില്‍ 23 ന് ജഗദീഷ്പൂരിലാണ് വീര്‍ കുന്‍വര്‍സിങ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി യുദ്ധം ചെയ്തത്. ജഗദീഷ്പൂര്‍ കോട്ടയില്‍ നിന്ന് ബ്രിട്ടന്റെ പതാക യൂണിയന്‍ ജാക്ക് ഇറക്കിയതിന് ശേഷമാണ് കുന്‍വര്‍ സിങ് ആ പോരാട്ടം അവസാനിപ്പിച്ചത്. ആ പോരാട്ടത്തില്‍ പരിക്കേറ്റ കുന്‍വര്‍സിങ് മൂന്ന് ദിവസത്തിന് ശേഷം ഏപ്രില്‍ 26ന് മരണപ്പെടുകയായിരുന്നു.
Discussion about this post