ചണ്ഡിഗഢ്: മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് തിങ്കളാഴ്ച നടന്ന റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് സ്ഫോടനവുമായി ബന്ധപ്പെട്ട് ആറ് പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ നിര്‍ദേശപ്രകാരം നടത്തിയ ആക്രമണത്തില്‍ ഖാലിസ്ഥാനി ഭീകരസംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലും(ബികെഐ) പ്രാദേശിക അക്രമിസംഘവും ഉള്‍പ്പെട്ടിരുന്നു.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍വീന്ദര്‍ സിംഗ് റിന്‍ഡയുടെ അടുത്ത അനുയായിയും കാനഡ സ്വദേശിയുമായ ലഖ്ബീര്‍ സിംഗ് ലാന്‍ഡയാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പഞ്ചാബ് ഡിജിപി വി.കെ. ഭാവ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താരന്‍ തരണിലെ താമസക്കാരായ നിഷാന്‍ സിങ്, ചദത് സിങ് എന്നിവരുടെ സഹായത്തോടെയാണ് ലാന്‍ഡ ആക്രമണം നടത്തിയത്. നിദാസ് സിങ് എന്നയാളാണ് അക്രമികള്‍ക്ക് തങ്ങാന്‍ സൗകര്യമൊരുക്കിയതെന്ന് പോലീസ് പറഞ്ഞു.
ലാന്‍ഡ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ നിന്ന് ആര്‍പിജി ശേഖരിച്ച് അക്രമികള്‍ക്ക് നല്‍കിയത് നിഷാന്‍ സിങ്ങാണ്. തരണ്‍ തരണിലെ മറ്റൊരു താമസക്കാരനായ ബല്‍ജീന്ദര്‍ സിങ് റൈഫിളുകള്‍ സംഘടിപ്പിച്ചു. ചദത് സിങ്ങും രണ്ട് അക്രമികളും മെയ് 7 ന് തരണ്‍ തരണില്‍ നിന്ന് മാറി, രണ്ട് ദിവസത്തിന് ശേഷം മൊഹാലിയിലെ ഇന്റലിജന്‍സ് ആസ്ഥാനം ആക്രമിച്ചു. ആക്രമണത്തിന് മുമ്പ് പ്രാദേശിക പിന്തുണ നല്‍കുകയും സഹായിക്കുകയും ചെയ്ത മൊഹാലി നിവാസിയായ ജഗ്ദീപ് കാങ്ങിന്‍റെ പങ്കും പഞ്ചാബ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചദത് സിംഗ് ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണെന്ന് ഡിജിപി പറഞ്ഞു.
Discussion about this post