തിരുവനന്തപുരം : സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമല്ലാത്ത മറുപടി നല്‍കിയതില്‍ വീണാ ജോര്‍ജിന് താക്കീതുമായി സ്പീക്കര്‍ എം.ബി. രാജേഷ്. പിപിഇ കിറ്റ് അഴിമതിയില്‍ നിയമസഭയില്‍ അവ്യക്തമായ മറുപടി നല്‍കിയതിലാണ് വീണ് ജോര്‍ജിന് സ്പീക്കര്‍ താക്കീത് നല്‍കിയത്.
സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണം. വ്യക്തതയില്ലാത്ത മറുപടി നല്‍കുന്നത് ഇനി ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എ.പി അനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് സ്പീക്കറുടെ നടപടി. ആരോഗ്യമന്തി ഒരേ മറുപടി തന്നെയാണ് നല്‍കിയത്. മറുപടി മനപ്പൂര്‍വ്വം ഒഴിവാക്കുന്നെന്നും വിവരം ലഭിക്കാനുള്ള അവകാശം ഇല്ലാതാകുന്നുവെന്നും കാണിച്ചാണ് എ.പി. അനില്‍ കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിത്.
‘പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു പരിഹാരം കാണുന്നതിനും സര്‍ക്കാരിന് സഭയോടുള്ള അക്കൗണ്ടബിലിറ്റി ഉറപ്പാക്കുന്നതിനും ഏറ്റവും പ്രധാനപ്പെട്ട ഒരു നടപടിക്രമമാണ് ചോദ്യോത്തരവേള. ചോദ്യത്തരവേള ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട ചരിത്രമാണ് നമ്മുടെ നിയമസഭയുടെത്. ചോദ്യോത്തരവേളയുടെ പ്രാധാന്യം ഉയര്‍ത്തിപിടിക്കുന്നതില്‍ അതാതു കാലത്തെ സ്പീക്കര്‍മാര്‍ സ്വീകരിച്ച നിലപാടുകള്‍ ഈ കാര്യത്തില്‍ നിര്‍ണായകമായിട്ടുമുണ്ട്.
എന്നാല്‍ പതിനഞ്ചാം കേരള നിയമസഭയുടെ കാലത്ത് കഴിഞ്ഞ കുറച്ചു നാളായി ഒരു ചോദ്യത്തിലെ പല പിരിവുകളില്‍ ഉന്നയിക്കുന്ന വ്യത്യസ്ത വിഷയങ്ങള്‍ക്ക് ഒരേ ഉത്തരം നല്‍കി കൊണ്ട് വസ്തുതകള്‍ മറച്ചു വെയ്ക്കുവാനും ചോദ്യോത്തരവേളയുടെ പ്രസക്തി ഇല്ലാതാക്കാനും സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നു’. എന്നായിരുന്നു അനില്‍ കുമാറിന്‍റെ പരാതി.
Discussion about this post